ടെക്‌സസില്‍ ചുഴലിക്കാറ്റ്; എട്ടു മരണം

ടെക്‌സസ്: യുഎസ് സംസ്ഥാനമായ ടെക്‌സസില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ എട്ടു പേര്‍ മരിച്ചതായി റിപോര്‍ട്ട്. ഇതോടെ യുഎസിലെ വിവിധയിടങ്ങളില്‍ ഒരാഴ്ചയായി തുടരുന്ന ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഡാലസിനടുത്തുള്ള ഗാര്‍ലാന്‍ഡ് മോട്ടോര്‍വേയില്‍ ചുഴലിക്കാറ്റില്‍ കാര്‍ കീഴ്‌മേല്‍ മറിഞ്ഞാണ് അഞ്ചു പേര്‍ മരിച്ചത്. മറ്റു മൂന്നു പേരുടെ മൃതശരീരങ്ങള്‍ സമീപ നഗരങ്ങളില്‍ നിന്നാണു കണ്ടെടുത്തത്.
ടെക്‌സസിലും ഒക്‌ലഹോമയിലും ചരിത്രത്തിലെ ഏറ്റവും മാരകമായ ഹിമപാതമാണ് വരാനിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ഭാഗത്ത് ശൈത്യകാലത്ത് അസാധാരണരീതിയില്‍ കൊടുങ്കാറ്റുണ്ടാവാറുണ്ട്. ടെക്‌സസില്‍ ദേവാലയങ്ങള്‍ തകര്‍ന്നുവീഴുകയും കാറുകള്‍ ചുഴറ്റിയെറിയപ്പെടുകയും വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.
വടക്കുകിഴക്കന്‍ ഡാലസിലെ അന്തര്‍സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ ചുഴറ്റിയെറിയപ്പെട്ടതായി ഡാലസ് കോണ്ടിയിലെ പോലിസ് വക്താവ് മെലിന്‍ഡ ഉര്‍ബിന ബിബിസിയോടു പറഞ്ഞു. അപകടസ്ഥലത്ത് കൂടുതല്‍ മൃതദേഹങ്ങളുണ്ടോയെന്നു പോലിസ് പരിശോധിച്ചുവരുകയാണ്. മിക്ക തെരുവുവിളക്കുകളും ഹൈവേ ലൈറ്റുകളും തകര്‍ന്നതായി പോലിസ് വക്താവ് മൈക് ഹാറ്റ്ഫീല്‍ഡ് അറിയിച്ചു. പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 30,000ഓളം പേര്‍ക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
Next Story

RELATED STORIES

Share it