wayanad local

ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് പൈതൃക മ്യൂസിയം മുതല്‍ക്കൂട്ടാവും: മന്ത്രി

കല്‍പ്പറ്റ: വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് കുങ്കിച്ചിറയില്‍ ആരംഭിക്കുന്ന പൈതൃക മ്യൂസിയം മുതല്‍ക്കൂട്ടാവുമെന്നു മന്ത്രി പി കെ ജയലക്ഷ്മി. തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ഗ്രാമത്തിലെ കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിന്റെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന മ്യൂസിയം നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കി അടുത്ത ജൂണോടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തീകരിക്കുമെന്നും ഒരു കാലത്തിന്റെ അവശേഷിപ്പായി മാറുന്ന ഗോത്ര സംസ്‌കാരങ്ങളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കുങ്കിച്ചിറയുടെ തനിമ നിലനിര്‍ത്തി നടപ്പാക്കിയ കുങ്കി പ്രതിമ, ചിറയുടെ വശങ്ങളില്‍ മതില്‍ കെട്ടി സംരക്ഷണം തുടങ്ങിയ ആദ്യഘട്ട പ്രവൃത്തിക്ക് 50 ലക്ഷം രൂപയാണ് ഇതിനകം വിനിയോഗിച്ചത്. ചിറയുടെ നവീകരണ പ്രവൃത്തിക്ക് 1.56 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കുളത്തിന്റെ മധ്യഭാഗത്ത് ഓലക്കുട ചൂടിനില്‍ക്കുന്ന പത്തടി ഉയരരമുള്ള പ്രതിമയാണ് നിര്‍മിച്ചിട്ടുള്ളത്. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് ഡിസൈനേഴ്‌സ് ആണ് നിര്‍മാണ പ്രവൃത്തി നടത്തുന്നത്.
മ്യൂസിയം നിര്‍മിക്കുന്നതിനായി 4.25 കോടി രൂപയാണ് ഭരണാനുമതിയായത്. സംസ്ഥാനത്തെ നാലാമത് പൈതൃക മ്യൂസിയമാണ് കുങ്കിച്ചിറയില്‍ ആരംഭിക്കുന്നത്. നിലവില്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് പൈതൃക മ്യൂസിയങ്ങളുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായ പരിപാടിയില്‍ തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എ കുര്യക്കോസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം പ്രഭാകരന്‍, ചിന്നമ്മ ജോസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ബാബു, തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി സി സലീം, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കേശവന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എ മൈമൂനത്ത്, തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം മുസ്തഫ, ത്രേസ്യ, സിന്ധു ഹരികുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it