wayanad local

ടൂറിസം വികസനം; നാലു കോടി ചെലവില്‍ മൂന്നാംഘട്ടം

കല്‍പ്പറ്റ: കാരാപ്പുഴ ടൂറിസം വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ മൂന്നാം ഘട്ടത്തില്‍. ടൂറിസംവകുപ്പ് അനുവദിച്ച നാലുകോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണ്. വാച്ച് ടവറുകള്‍, ലോട്ടസ് പോണ്ട്, ഫിഷിങ് ഡക്ക്, നടപ്പാതകള്‍, ജനറല്‍ ലാന്‍ഡ് സ്‌കേപ്പിങ്, കുടിലുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങി. പാര്‍ക്കിങ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. 2017 ജൂണ്‍ 11 മുതല്‍ 2018 മാര്‍ച്ച് 31 വരെ 1,89,639 സഞ്ചാരികള്‍ കേന്ദ്രത്തിലെത്തി. ഇവരില്‍ 41,762 പേര്‍ കുട്ടികളാണ്. ഈ മാസം 24 വരെ 16,153 മുതിര്‍ന്നവരും 3,932 കുട്ടികളുമടക്കം 20,085 വിദോദസഞ്ചാരികളാണ് കാരാപ്പുഴയിലെത്തിയത്. ഒരു ദിവസം ശരാശരി 575 മുതിര്‍ന്നവരും 144 കുട്ടികളും കേന്ദ്രം സന്ദര്‍ശിക്കുന്നതായാണ് കണക്ക്.
കാരാപ്പുഴയുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച രണ്ടുകോടി രൂപയുടെയും സംസ്ഥാന സര്‍ക്കാരിന്റെ 5.21 കോടിയും ചെലവഴിച്ച് ജലസേചനവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയാണ് ഒന്നാംഘട്ട-രണ്ടാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
2017 മെയ് അഞ്ചിന് ഉദ്യാനം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. പ്രദേശവാസികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച് ഉദ്യാനം പരിപാലിക്കുന്നു. കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ടൂറിസംസഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ജലവിഭവ മന്ത്രി മാത്യു ടി തോമസും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പത്തും രൂപയാണ് ടിക്കറ്റ് നിരക്ക്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം. പദ്ധതി പ്രദേശത്തെ ഫിഷറീസ് വകുപ്പിന്റെ അക്വേറിയവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
Next Story

RELATED STORIES

Share it