Kottayam Local

ടൂറിസം വികസനം: കേന്ദ്ര സംഘം കുമരകം സന്ദര്‍ശിച്ചു

കോട്ടയം: സമഗ്രമായ ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം കുമരകം സന്ദര്‍ശിച്ചു. ഐകോണിക് ഡെസ്റ്റിനേഷന്‍ ആയി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത കുമരകത്ത് വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സിന്റെ ഭാഗമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ്  കേന്ദ്ര സംഘം എത്തിയത്.
കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വര്‍മ, കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, റീജിയണല്‍ സൗത്ത് ഡയറക്ടര്‍ സഞ്ജയ് ശ്രീവല്‍സ്,അസി.ഡയറക്ടര്‍ ജനറല്‍ ഭാരതി ശര്‍മ, ഇന്ത്യ ടൂറിസം കൊച്ചി മാനേജര്‍ സെന്തൂര്‍ കുമരന്‍, പിഎംസി ദര്‍ശന മാലി, നീരജ് ബെന്‍ എന്നിവരടങ്ങുന്ന കേന്ദ്ര സംഘത്തോടൊപ്പം കേരള ടൂറിസം വകുപ്പിനെ പ്രതിനിധീകരിച്ച് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജാഫര്‍ മാലിക്,  എറണാകുളം റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ നന്ദകുമാര്‍, പ്ലാനിങ് ഓഫിസര്‍ സതീഷ് വി എസ്, കേരളാ റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ കോ-ഓഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കാളികളായി.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള ടൂര്‍ പാക്കേജില്‍ തെങ്ങു കയറ്റം, ഓലമെടയില്‍, തഴപ്പായ നെയ്ത്ത്, വിവിധതരം മല്‍സ്യ ബന്ധന രീതികള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രാദേശിക ജനതയ്ക്കു വരുമാന മാര്‍ഗം സൃഷ്ടിക്കുന്നതെങ്ങനെയെന്നും സംഘം കൂടിയാലോചനകള്‍ നടത്തി. കേന്ദ്ര സംഘം കുമരകത്തിന്റെ ഉള്‍പ്രദേശങ്ങളിലുള്ള വിവിധ കനാലുകള്‍ സന്ദര്‍ശിക്കുകയും യാത്ര നടത്തുകയും ചെയ്തതിനു പിന്നാലെ അവിടങ്ങളിലുണ്ടായിരിക്കേണ്ട അടിസ്ഥാന വികസന മാതൃകകളും ആരാഞ്ഞു.
Next Story

RELATED STORIES

Share it