palakkad local

ടൂറിസം പദ്ധതിയില്‍ ഇടംനേടാന്‍ മലമക്കാവിലെ വെള്ളച്ചാട്ടം

ആനക്കര: മലമക്കാവിന് കണ്ണിന് കുളിര്‍മ്മ നല്‍കി നീര്‍ച്ചോലയിലെ വെള്ളച്ചാട്ടം. ആനക്കര പഞ്ചായത്തിലെ ഏഴാംവാര്‍ഡ് മലമക്കാവ് അയ്യപ്പക്ഷേത്രത്തിന് സമീപമാണ് നീര്‍ച്ചാലയും വെള്ളച്ചാട്ടവുമുള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വേഗത്തിലുള്ള വെള്ളച്ചാട്ടമുണ്ടായിരുനെങ്കിലും പ്രകൃതി ചൂഷണംമൂലം ഇതിന്റെ ശക്തി ക്ഷയിച്ചു.എന്നാലും ഇവിടെ എത്തുന്നവര്‍ക്ക് ഇപ്പോഴും കുളിര്‍മ്മയേകുന്നു ഈ വെള്ളച്ചാട്ടം.
ഒന്നര പതിറ്റാണ്ട് മുന്‍മ്പ് ഇടതുപക്ഷം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിരുന്ന സമയത്ത് നീര്‍ച്ചോലും വെള്ളച്ചാട്ടവും സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും പിന്നീട് അത് കടലാസിലൊതുങ്ങി. ആനക്കര പഞ്ചായത്തിലുള്ളവരും പടിഞ്ഞാറന്‍ മേഖലയിലുള്ളവരും വെള്ളച്ചാട്ടം ആസ്വദിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ള മനോഹരവെള്ളച്ചാട്ടം ആസ്വദിക്കാന്‍ ആരും എത്താറില്ലന്നത് എടുത്ത് പറയേണ്ടതാണ്. ജില്ലയുടെ ട്യൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ച രൂപത്തില്‍ സംരക്ഷണം നടത്തിയാല്‍ അത് ആനക്കര പഞ്ചായത്തിന് മാത്രമല്ല ജില്ലയ്ക്ക് തന്നെ അഭിമാനനേട്ടമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.ഇപ്പോള്‍ ഇവിടെയുളള ചോല തികച്ചും വനാന്തരങ്ങളുടെ പ്രതീതി ഉണര്‍ത്തുന്നതാണ്. വേനല്‍കാലം പാതിയിലേറെ കടന്നാലും ഇവിടത്തെ നീരുറവ നിലക്കാറില്ലത്രെ. എന്നാല്‍ കുന്നുകളുടെ നാശവും മണ്ണ് മാഫിയയുടെ കടന്നുവരവും ചോലയുടെ നീരൊഴുക്കിന്റെ വേഗതകുറക്കാന്‍ കാരണമായിട്ടുണ്ട്. ഇപ്പോഴും ദൂരേക്ക് വെള്ളത്തിന്റെ ഒഴുക്കും ചാട്ടത്തിന്റെയും ശബ്ദം കാതിലെത്തും രാത്രിയാണങ്കില്‍ ദൂരം കൂടും. ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന റോഡിന് താഴെയാണ് ചോല. ഇവിടെക്കായി പ്രത്യേക വഴിയും ഉണ്ട്. പ്രദേശത്തുകാര്‍ പലപ്പോഴും അലക്കും കുളിയും വരെ ചോലയുടെ നെറുകയിലാണ്.
വിവിധ ഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന വെള്ളം താഴേക്ക് പതിച്ച് തോടിലൂടെ വയല്‍ പ്രദേശത്തേക്കാണ് എത്തിചേരുന്നത്. അയ്യപ്പക്ഷേത്രകുളത്തിലെ ചിറയില്‍ നിന്നുമാണ് വേനലിന്റെ മൂര്‍ദ്ധാവിലും വെള്ളം ഒഴുകിയെത്തുന്നതത്രെ.
Next Story

RELATED STORIES

Share it