ടൂറിസം പദ്ധതികള്‍ക്കു കൂടുതല്‍ കേന്ദ്ര ധനസഹായം ലഭ്യമാക്കണം: മന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികള്‍ക്കു കൂടുതല്‍ ധനസഹായം ലഭ്യമാക്കണമെന്നു ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. കേന്ദ്ര ടൂറിസം സഹമന്ത്രി മഹേഷ് ശര്‍മയ്ക്കു നല്‍കിയ നിവേദനത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
കേന്ദ്ര ടൂറിസം മന്ത്രാലയം 2013-14 സാമ്പത്തിക വര്‍ഷം വരെ കേരളത്തിന് അനുവദിച്ച 129 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ബാക്കി തുക ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 2014 വരെ 42.17 കോടി രൂപയാണ് പ്രസ്തുത പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 87.15 കോടി രൂപ ഇനി അനുവദിക്കേണ്ടതുണ്ട്. ഫണ്ട് ലഭ്യമാവാത്ത കാരണത്താല്‍ വിവിധ പദ്ധതികളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും ആയതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് തുക ഉടന്‍ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ശബരിമല, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ തുക സംസ്ഥാന ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത പദ്ധതിക്ക് എത്രയും പെട്ടെന്ന് ഭരണാനുമതി നല്‍കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി അനില്‍ കുമാര്‍ പറഞ്ഞു. കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുസ്തിയുമായും അനില്‍ കുമാര്‍ കൂടിക്കാഴ്ച നടത്തി.
Next Story

RELATED STORIES

Share it