malappuram local

ടൂര്‍ പാക്കേജുകളുടെ ഇടനിലക്കാര്‍ ലക്ഷങ്ങള്‍ തട്ടുന്നു

എടപ്പാള്‍: വിദ്യാലയങ്ങളില്‍നിന്നും കലാലയങ്ങളില്‍നിന്നും പോകുന്ന വിനോദയാത്രകളുടെ പേരില്‍ ഇടത്തട്ടുകാര്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി ആരോപണം. ഒന്നും രണ്ടും മൂന്നും ദിവസം നീണ്ടുനില്‍ക്കന്ന വിനോദയാത്രയ്ക്കായി വന്‍ തുകയാണ് വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകര്‍ ഈടാക്കുന്നത്. വിനോദയാത്ര പോകാനുള്ള ടൂറിസ്റ്റ് ബസുകള്‍ സ്‌കൂള്‍ അധികൃതര്‍ നേരിട്ട് ബസ് ഉടമകളെ ഏല്‍പിക്കാതെ ഇടത്തട്ടുകാര്‍ വഴിയാണ് ബസുകള്‍ ഏല്‍പിക്കുന്നത്. ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്ന വിനോദയാത്രയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി താമസ സൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കുന്നതും ഇത്തരം ഇടത്തട്ടുകാരാണ്. മൂന്നാര്‍, വാഗമണ്‍, തമിഴ്‌നാട്ടിലെ തേനി, കമ്പം, കൊടൈക്കനാല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി 2750 രൂപ ഓരോ വിദ്യാര്‍ഥികളില്‍നിന്നും ഈടാക്കുന്നതായാണ് പരാതി. രണ്ട് പകലും മൂന്നുരാത്രിയും കൊണ്ടു തിരിച്ചെത്താവുന്ന ഈ യാത്രയ്ക്ക് മുപ്പതിനായിരത്തിലധികം രൂപ ബസ് വാടകയില്ലെന്നിരിക്കെ 50 വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന ഒരു വിനോദ യാത്രയ്ക്കായി 1,37,500 രൂപയോളമാണ് അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത്. ഇതില്‍ താമസ സ്ഥലത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് കഴിച്ചാല്‍ തന്നെ വലിയൊരു സംഖ്യയാണ് ടൂര്‍ പാക്കേജ് ഒരുക്കുന്ന ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത്. ഒറ്റദിവസം കൊണ്ട് മടങ്ങിയെത്തുന്ന വിനോദയാത്രയ്ക്കും വന്‍ സംഖ്യയാണ് കുട്ടികളില്‍നിന്ന് ഈടാക്കുന്നത്. കുട്ടികളില്‍നിന്ന് അമിത ചാര്‍ജ് ഈടാക്കി ഇടനിലക്കാര്‍ക്ക് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി നല്‍കുന്ന പ്രവണത സ്‌കൂള്‍ അധികൃതരില്‍ വ്യാപകമായിരിക്കുകയാണ.് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളായാല്‍ പോലും കുട്ടികള്‍ വിനോദയാത്രയ്ക്കായി പണം ചോദിച്ചാല്‍ സ്വരൂപിച്ചു നല്‍കും. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒട്ടേറെയുള്ള എടപ്പാള്‍-പൊന്നാനി മേഖലകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ടൂര്‍ പാക്കേജുകാര്‍ കടത്തിക്കൊണ്ടു പോകുന്നത്. വിനോദയാത്രയുടെ മൊത്തം ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് സ്‌കൂള്‍അധികൃതര്‍ പാക്കേജുകാര്‍ ആവശ്യപ്പെടുന്ന പണം കൊടുത്ത് വിനോദയാത്ര ഏര്‍പ്പാടാക്കുന്നത്. സ്‌കൂള്‍ അധികാരികളു ംപിടിഎ കമ്മിറ്റികളും മുന്‍കൈയെടുത്ത് ഇത്തരം യാത്രകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ ഇടനിലക്കാര്‍ വഴിയുള്ളതിനേക്കാള്‍ 50 ശതമാനം പൈസ ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍സൂചിപ്പിക്കുന്നത്. ഒരേ സ്‌കൂളില്‍ നിന്നുതന്നെ പല ദിവസങ്ങളിലായി ഒട്ടേറെ വിനോദയാത്രകളാണ് ഏര്‍പ്പാടു ചെയ്യുന്നത്. പലപ്പോഴും ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്നവര്‍ തന്നെയാണ് വിനോദയാത്ര പോകേണ്ട സ്ഥലങ്ങളും മറ്റും തീരുമാനിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്നും അമിത ചാര്‍ജ്ജ് ഈടാക്കി ഇടത്തട്ടുകാര്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരമൊരുക്കിക്കൊടുക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരേ വ്യാപക പരാതികളാണ് രക്ഷിതാക്കളില്‍ നിന്നുയരുന്നത്. എന്നാല്‍ പല രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്ഥാപനത്തിനെതിരേ പരസ്യമായി രംഗത്തുവരാത്തത് കുട്ടികളുടെ ഭാവിയോര്‍ത്ത് മാത്രമാണ്. പല സ്‌കൂളുകളിലേയും പിടിഎ കമ്മിറ്റികള്‍ പോലും അറിയാതെയാണ് ഇത്തരം ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it