ടീസ്തയുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദിന്റെയും അവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനകളുടെയും ആസ്തികള്‍ മരവിപ്പിച്ചത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ടീസ്ത സെറ്റല്‍വാദ്, ഭര്‍ത്താവ് ജാവേദ് ആനന്ദ്, ഗുജറാത്ത് വംശഹത്യ ഇരകളുടെ പുനരധിവാസത്തിനും നിയമസഹായത്തിനുമായി രൂപീകരിച്ച സബ്രങ് ട്രസ്റ്റ്, സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്നിവരുടെ ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഹരജിക്കാര്‍ക്ക് അവരുടെ നിലപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ മുമ്പാകെ ബോധ്യപ്പെടുത്താന്‍ അവസരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിന്റെ നടപടി.വംശഹത്യക്കിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്‌രിയടക്കമുള്ളവരുടെ സ്മരണയ്ക്കായി മ്യൂസിയം നിര്‍മിക്കാനായി പിരിച്ചെടുത്ത പണത്തില്‍ നിന്ന് ഒന്നരക്കോടി രൂപ വകമാറ്റി ചെലവഴിച്ചെന്ന കേസിലാണ് ട്രസ്റ്റിന്റെ ആസ്തി 2015 ഒക്ടോബറില്‍ ഹൈക്കോടതി മരവിപ്പിച്ചത്. ആരോപണത്തില്‍ അഹ്മദാബാദ് പോലിസ് ടീസ്തയ്ക്കും ജാവേദ് ആനന്ദിനും എതിരേ കേസെടുത്തിരുന്നു. കേസില്‍ അഹ്മദാബാദ് വിചാരണക്കോടതി ട്രസ്റ്റിന്റെ ആസ്തികള്‍ മരവിപ്പിച്ചു. വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരേയാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയിന്‍മേലുള്ള വാദം ജൂലൈയില്‍ പൂര്‍ത്തിയായിരുന്നെങ്കിലും വിധിപറയാനായി നീട്ടിവയ്ക്കുകയായിരുന്നു. വംശഹത്യാ ഇരകള്‍ക്കു വേണ്ടി നിലകൊണ്ടതിനു നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതികാരനടപടികളുടെ ഭാഗമായാണ് തനിക്കും ഭര്‍ത്താവിനുമെതിരായ നീക്കങ്ങളെന്നു ടീസ്ത പ്രതികരിച്ചു.
Next Story

RELATED STORIES

Share it