ടി പി 51 ഇന്നു റിലീസിങ; സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക

കണ്ണൂര്‍: ആര്‍.എം.പി. നേതാവ് ടി പി ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച ടി പി 51 എന്ന സിനിമയ്ക്ക് അപ്രഖ്യാപിത വിലക്ക്. ഇന്നു റിലീസിങ് നടക്കാനിരിക്കെ 30ഓളം തിയേറ്ററുകള്‍ പിന്മാറി. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു തിയേറ്ററുകളില്‍ മാത്രമാവും സിനിമ പ്രദര്‍ശനത്തിനെത്തുക. വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കുമൊടുവില്‍ പുറത്തിറങ്ങുന്ന സിനിമ കേരളത്തിലെ 39 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, സി. പി.എം. പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് തിയേറ്റര്‍ ഉടമകള്‍ പിന്‍മാറിയെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.
ഇതേക്കുറിച്ചു പ്രതികരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായിട്ടില്ല. ടി പിയുടെ ജന്മനാടായ വടകരയിലും പ്രദര്‍ശനത്തിനു തിയേറ്റര്‍ ലഭിച്ചില്ല. വടകരയിലെ കേരള ക്വയര്‍ തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ആദ്യം ഉടമ സമ്മതിച്ചെങ്കിലും പിന്നീട് ട്രേഡ് യൂനിയന്‍ ഇടപെട്ടു തിയേറ്റര്‍ ജീവനക്കാര്‍ പ്രതിഷേധിച്ചതോടെ പിന്മാറുകയായിരുന്നു. റിലീസില്‍നിന്നു തിയേറ്ററുകള്‍ പിന്മാറിയതായും സി. പി. എം. ഭീഷണിയാണ് അപ്രഖ്യാപിത വിലക്കിനു കാരണമെന്നും സംവിധായകന്‍ മൊയ്തു താഴത്ത് ആരോപിച്ചു. അതേസമയം, ചിത്രത്തിന് ഔദ്യോഗികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
നിലവില്‍ തിയേറ്ററുകളില്‍ മറ്റു ജനപ്രിയ സിനിമകളുടെ തിരക്കാണ്. തിരക്കൊഴിയുന്ന മുറയ്ക്ക് ടി പി 51 എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണി ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ അതിജീവിച്ച് രണ്ടരവര്‍ഷം മുമ്പാണ് ടി പിയുടെ രാഷ്ട്രീയ തട്ടകത്തില്‍ തന്നെ ചിത്രീകരണം തുടങ്ങിയത്. ഒഞ്ചിയം, ഏറാമല, ഓര്‍ക്കാട്ടേരി, വടകര എന്നിവിടങ്ങളിലും തൊടുപുഴയിലും ഒരുക്കിയ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി. കൊലപാതകരംഗം ചിത്രീകരിച്ചതാവട്ടെ ടി പി കൊല്ലപ്പെട്ട വള്ളിക്കാട്ടും. എന്നാല്‍, ഒമ്പത് തവണ ഷൂട്ടിങ് തടഞ്ഞു.
മുടക്കോഴി മലയില്‍നിന്ന് കൊടിസുനിയെ പോലിസ് പിടിക്കുന്ന രംഗം വിലങ്ങാട് മലയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എതിര്‍പ്പ് ശക്തമായതോടെ ചിത്രീകരണം തൊടുപുഴയിലേക്കു മാറ്റുകയായിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് വിസമ്മതിച്ചതിനെത്തുടര്‍ന്ന് മുംബൈയില്‍നിന്ന് ദേശീയ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള റിവൈസിങ് കമ്മിറ്റി മുമ്പാകെ പ്രദര്‍ശിപ്പിച്ചാണ് അനുമതി നേടിയത്. രമേഷ് വടകരയാണ് ടി പിയായി വേഷമിടുന്നത്. ദേവി അജിത് കെ കെ രമയായും അഭിനയിക്കുന്നു. റിയാസ്ഖാന്‍, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Next Story

RELATED STORIES

Share it