ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം; എസ്എഫ്‌ഐ നേതാവ് പിടിയില്‍

തിരുവനന്തപുരം: ടി പി ശ്രീനിവാസനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ എസ് ശരത്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ശ്രീനിവാസനെ അടിച്ചശേഷം ഒളിവില്‍ പോയ ഇയാളെ ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം ആയുര്‍വേദ കോളജ് ജങ്ഷനില്‍ നിന്ന് സിറ്റി ഷാഡോ പോലിസ് പിടികൂടിയത്. ജോലി തടസ്സപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍ എന്നിവയ്ക്കാണ് കേസെടുത്തിട്ടുള്ളത്. എസ്എഫ്‌ഐ വിളപ്പില്‍ ഏരിയാ പ്രസിഡന്റ് കൂടിയായ ശരത് മലയിന്‍കീഴ് മേപ്പൂക്കര സ്വദേശിയാണ്. വധശ്രമം അടക്കം 12ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. രണ്ടുമാസം മുമ്പ് വിഷ്ണു ഗോപകുമാര്‍ എന്നയാളെ പട്ടാപ്പകല്‍ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചതിനാണ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്.
ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ കോവളത്തെത്തിയ ശ്രീനിവാസനെ യാതൊരു പ്രകോപനവുമില്ലാതെ ശരത് കരണത്തടിക്കുകയായിരുന്നു. വിദ്യാഭ്യാസ സംഗമത്തിനെതിരേ എസ്എഫ്‌ഐ പ്രതിഷേധസമരം നടത്തുന്നതിനിടെ കോവളം ലീലാ ഹോട്ടലിലേക്ക് വന്ന ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞിരുന്നു. തിരിച്ച് അദ്ദേഹം കാറിനടുത്തേക്ക് നടക്കുമ്പോള്‍ ശരത് പിറകില്‍നിന്ന് കരണത്തടിക്കുകയായിരുന്നു.
അതേസമയം, സംഭവം നോക്കിനിന്ന അഞ്ച് പോലിസുകാര്‍ക്കെതിരേയും ശിക്ഷാനടപടി സ്വീകരിച്ചു. രണ്ട് എസ്‌ഐമാര്‍ക്കും മൂന്നു പോലിസുകാര്‍ക്കും എതിരേയാണ് നടപടി. ഇവരെ തൃശൂര്‍ പോലിസ് അക്കാദമിയിലേക്ക് നിര്‍ബന്ധ പരിശീലനത്തിന് അയച്ചു.
Next Story

RELATED STORIES

Share it