ടി പി ശ്രീനിവാസനെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിനെതിരേ നടപടി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായ ടി പി ശ്രീനിവാസനെ ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ എസ് ശരത്തിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ടി പി ശ്രീനിവാസനെ ആക്രമിച്ച നടപടിയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നടപടി സ്വീകരിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായത്. സംഭവം എസ്എഫ്‌ഐയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കിയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കിടയിലൂടെ നടന്നുവന്ന ടി പി ശ്രീനിവാസന്‍ വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുകയായിരുന്നു എന്ന നിലപാട് എസ്എഫ്‌ഐ ആവര്‍ത്തിച്ചിട്ടുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു. ഒരു നയത്തിനെതിരായ സമരമാണ് എസ്എഫ്‌ഐ നടത്തിയത്, ഒരു വ്യക്തിക്കെതിരായല്ലെന്നും വിജിന്‍ പറഞ്ഞു.
കഴിഞ്ഞദിവസം ആഗോള വിദ്യാഭ്യാസ സംഗമത്തിന്റെ വേദിയിലാണ് ആക്രമണം നടന്നത്. വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയതിനെത്തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് മാപ്പു പറയേണ്ടി വന്നിരുന്നു. ആക്രമണത്തിലൂടെ സമരത്തിന് വിപരീതഫലമാണുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എന്നിവരും ആക്രമണത്തിനെതിരേ രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it