thiruvananthapuram local

ടി പി കേസ് പ്രതിയുടെ സെല്ലില്‍ നിന്നും പിടിച്ചെടുത്ത ഫോണുകള്‍ ഒരുവര്‍ഷമായി ഉപയോഗിക്കുന്നത് ; പുറത്തേക്ക് പോയത് 15000ത്തിലധികം കോളുകള്‍



തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിപി വധക്കേസ് പ്രതി അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്നും പിടിച്ചെടുത്ത ഫോണുകള്‍ കഴിഞ്ഞ ഒരുവര്‍ഷമായി ജയിനുള്ളില്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. പൂജപ്പുര ജയില്‍ ടവറില്‍ നിന്നുമാത്രം 15000ത്തിലധികം കോളുകളാണ് രണ്ടു സിമ്മുകളില്‍നിന്നു പുറത്തേക്ക് പോയത്. ജയിലില്‍ ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ബാസിത്ത് അലി, അണ്ണന്‍ സിജിത്ത് എന്നിവരെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഈ ഫോണില്‍ നിന്നുള്ള വിളികളുടെ വിശാംശങ്ങള്‍ കേസന്വേഷിക്കുന്ന പൂജപ്പുര പോലിസിന് ലഭിച്ചു. ഒരുവര്‍ഷമായി പൂജപ്പുര ടവറിലായിരുന്നു ഈ രണ്ട് ഫോണുകളും. മേട്ടുക്കട, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആലപ്പുഴ എന്നീ ടവറുകളിലും ഈ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ജയിലിനകത്ത് മാത്രമല്ല, ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും പരോളിന് ഇറങ്ങിയപ്പോഴുമെല്ലാം ഫോണുകള്‍ ഉപയോഗിച്ചു. ബാസിത് അലിയാണ് ഫോണുകള്‍ പരോളിന് പോയപ്പോള്‍ കൊണ്ടുപോയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ജയിലിന് പുറത്തുപോയി പ്രതികള്‍ എത്തുമ്പോള്‍ ശരീരപരിശോധന നടത്തേണ്ടതുണ്ട്. ഇതുചെയ്യാതെ ജയില്‍ ജീവനക്കാരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ജയില്‍ ആശുപത്രിയിലാണ് ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നതെന്നും ഇതിന് ചില ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. സഹതടവുകാരായ അണ്ണന്‍ സിജിത്തിനും മറ്റൊരു പ്രതിക്കും ബാസിത്ത് ഫോണ്‍ നല്‍കിയിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരന്റെ പേരിലാണ് രണ്ട് സിമ്മുകളും എടുത്തിരിക്കുന്നത്. ബാസിത്താണ് ഈ തിരിച്ചറില്‍ രേഖ ഉപയോഗിച്ച് സിം കടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ ഫോണ്‍വിളികളും പൂജപ്പുര പോലിസ് പരിശോധിച്ചുവരികയാണ്.
Next Story

RELATED STORIES

Share it