Flash News

ടി പി കാസിമിന്റെ മരണം: കൊലപാതകമെന്നു ബന്ധുക്കള്‍

പട്ടാമ്പി: വല്ലപ്പുഴ ചൂരക്കോട് കഴിഞ്ഞമാസം ആറിനു നടന്ന വാഹനാപകടത്തില്‍ പൊതുപ്രവര്‍ത്തകനായ ടി പി കാസിം മരണപ്പെട്ട സംഭവം ആസൂത്രിതമായ കൊലപാതകമാെണന്ന് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ചൂരക്കോട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ജെ ആന്റ് പി ഗ്രാനൈറ്റ് എന്ന ക്രഷര്‍ യൂനിറ്റിനെതിരേ ജനകീയവും നിയമപരവുമായ സമരങ്ങള്‍ക്കു നേതൃപരമായ പങ്കുവഹിച്ച കാസിമും സുഹൃത്ത് കബീറുമാണ് അസ്വാഭാവികമായി അപകടത്തില്‍പ്പെട്ടത്. കാസിം ദിവസങ്ങള്‍ക്കകം മരണപ്പെടുകയും കബീര്‍ ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ചികില്‍സയിലുമാണ്.
അപകടം സംഭവിച്ച അന്നുതന്നെ ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചതോടെ മരണ ശേഷം കാസിമിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. പട്ടാമ്പി ചെര്‍പ്പുളശ്ശേരി റൂട്ടില്‍ ചൂരക്കോട് പ്രദേശത്താണ് അപകടം നടന്നത്. വഴിയരികില്‍ സംസാരിച്ചു കൊണ്ടിരിക്കെ യാണ് കാസിമിനെയും കബീറിനെയും പട്ടാമ്പി ഭാഗത്തു നിന്നു വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുന്നത്. ഇടിച്ച വാഹനത്തിന്റെ പുറകിലുള്ള മൂന്നുപേര്‍ ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചു.
സംഭവം നടന്ന സമയത്തു തന്നെ നാട്ടുകാര്‍ പ്രകടിപ്പിച്ച ദുരൂഹത പോലിസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് ആരോപണമുണ്ട്. പിടിയിലായ രണ്ടു പേരടക്കം വാഹനത്തിലുണ്ടായിരുന്ന പ്രതികള്‍ ക്രഷര്‍ ജീവനക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്രഷര്‍ ഉടമ കാസിമിന് വീടു വച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരേ കാസിം ശക്തമായ ഭാഷയില്‍ പ്രതികരി ച്ചിരുന്നെന്നു ഭാര്യ സബ്‌ന പറയുന്നു. ക്രഷര്‍ മാനേജര്‍ സുകുമാരന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നു കാസിം പറഞ്ഞതായി മാതാവും പറയുന്നു.
കാസിമിന്റെ മരണം കൊലപാതകമാണന്നും ജെ ആന്റ് പി ക്രഷര്‍ മാനേജ്‌മെന്റാണ് പിറകിലെന്നും കാണിച്ച് കാസിമിന്റെ ഭാര്യാസഹോദരന്‍ നൗഫല്‍ പട്ടാമ്പി സിഐക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല. പ്രദേശത്തെ 500ലധികം പേര്‍ ഒപ്പിട്ട മാസ് പെറ്റീഷന്‍ കാസിമിന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ശേഖരിച്ചു വച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it