Flash News

ടി ജെ ജോസഫിനെ അക്രമിച്ച കേസ്; പ്രതികളുടെ ഹരജി തള്ളി

ടി ജെ ജോസഫിനെ അക്രമിച്ച  കേസ്; പ്രതികളുടെ ഹരജി തള്ളി
X
joseph-t-j

കൊച്ചി: പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍  ടി ജെ ജോസഫിനെ അക്രമിച്ച  കേസില്‍ ശിക്ഷ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പിച്ച ഹരജി ഹൈക്കോടതി തള്ളി.  13 പ്രതികളില്‍ പത്തു പേര്‍ക്ക് എട്ടു വര്‍ഷം കഠിന തടവും പിഴയും  മൂന്നുപേര്‍ക്ക് രണ്ടു വര്‍ഷം തടവും പിഴയും ശിക്ഷ നല്‍കിയത് സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യമാണ് ജസ്റ്റിസ് കെ ടി ശങ്കരന്‍ , ജസ്റ്റിസ് രാജവിജയരാഘവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളിയത്.
രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 12,27,29  പ്രതികളായ  ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദ്ദീന്‍, ഷാനവാസ്, കെ എം പരീത്,യൂനസ് അലിയാര്‍, ജാഫര്‍, കെ കെ അലി, ഷജീര്‍, കെ ഇ കാസിം എന്നിവരെയാണ് കോടതി എട്ടു വര്‍ഷം തടവിനും 8.6 ലക്ഷം പിഴയടക്കാനും കഴിഞ്ഞവര്‍ഷം  ശിക്ഷിച്ചത്. 25, 34, 36 പ്രതികളായ അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, എം എം റിയാസ് എന്നിവര്‍ക്ക്  രണ്ടു വര്‍ഷം തടവും പതിനായിരം രൂപ വീതം പിഴയും  ശിക്ഷ വിധിച്ചത്.36-ാം പ്രതിയുടെ തടവ് കാലാവധി കഴിഞ്ഞിരുന്നു.കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് ശിക്ഷ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന ഡിവിഷന്‍ബഞ്ച് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട പ്രതികളെ ഇനിയും പിടികൂടാനിരിക്കെ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ താല്‍കാലികമായി മാറ്റി വെയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ പ്രതികള്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. കേസില്‍ ഉള്‍പെട്ട ചിലരെ ഒഴിവാക്കിയതിനെതിരെ എന്‍ ഐ എ സമര്‍പിച്ച അപ്പീല്‍ ഹരജി കോടതിയുടെ പരിഗണനിയിലുണ്ട്. ചട്ടമനുസരിച്ച് എന്‍.ഐ എയുടെ അപ്പീല്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ്. അതിനാല്‍ എത്രയും വേഗം കേസ് തീര്‍പ്പാക്കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നും ഡിവിഷന്‍ ബഞ്ച് എന്‍ ഐഎയ്ക്ക് നിര്‍ദേശം നല്‍കി. അപ്പീല്‍ ഹരജി വീണ്ടും ജൂണ്‍ ഒന്നിന് പരിഗണിക്കാന്‍ മാറ്റി. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ ടി ജെ ജോസഫിനെ പ്രവാചകനെ നിന്ദിക്കുന്ന രീതിയിലുള്ള  ചോദ്യപേപ്പര്‍ തയാറാക്കിയതുമായി ബന്ധപ്പെട്ട് ഒരു സംഘം അക്രമിച്ചത്.
Next Story

RELATED STORIES

Share it