ടി കെ പളനി സിപിഐയിലേക്ക്

ആലപ്പുഴ: 1996ലെ വി എസ് അച്യുതാനന്ദന്റെ മാരാരിക്കുളം പരാജയത്തെ തുടര്‍ന്നു സിപിഎമ്മില്‍ വിവാദ പുരുഷനായ ടി കെ പളനി സിപിഐയിലേക്ക്. സിപിഎം തന്നോട് കാട്ടുന്ന നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ചാണു സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ഇക്കാര്യം സിപിഐ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും പളനി പറഞ്ഞു. നേതാക്കളുടെ ആശ്രിതന്‍മാരെ മാത്രമാണ് സിപിഎമ്മിന് ഇപ്പോള്‍ വേണ്ടതെന്നും അങ്ങനെ നില്‍ക്കാത്തവര്‍ പാര്‍ട്ടിക്ക് പുറത്തു പൊയ്്്‌ക്കോട്ടെയെന്ന നിലപാടിലാണു സിപിഎമ്മെന്നും ഇക്കാര്യത്തില്‍ തന്നെ പോലെ ഒട്ടേറെ പേര്‍ അതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും സിപിഎമ്മിന് നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ടി കെ പളനിയെ അനുനയിപ്പിക്കാന്‍ ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ സിപിഎം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ പളനി നേരത്തെ തന്നെ പാര്‍ട്ടിക്ക് പുറത്തായിരുന്നെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നെന്നും സിപിഎം ജില്ലാ നേതൃത്വം അഭിപ്രായപ്പെട്ടു. വിജയിച്ചാല്‍ വി എസ് മുഖ്യമന്ത്രിയാവുമെന്ന്് ഉറപ്പായിരുന്ന 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്രയൊന്നും പ്രസിദ്ധനല്ലാതിരുന്ന പി ജെ ഫ്രാന്‍സിസിനോട് അപ്രതീക്ഷിതമായി തോല്‍ക്കുകയും തോല്‍വിക്ക് ഉത്തരവാദി ടി കെ പളനിയാണെന്നു പാര്‍ട്ടി കണ്ടെത്തുകയും ചെയ്തതോടെയാണ് ഇദ്ദേഹം സിപിഎമ്മില്‍ വിവാദ പുരുഷനായത്. അക്കാലത്തു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പളനി, വിഎസിന്റെ മുഖ്യ തിരഞ്ഞെടുപ്പു ചുമതലക്കാരനായിരുന്നു. നടപടി നേരിട്ട പളനിക്ക് 10 വര്‍ഷത്തോളം പാര്‍ട്ടിക്ക് പുറത്തു നില്‍ക്കേണ്ടി വന്നു. പിന്നീട് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലെത്തിയ പളനി സി എസ് സുജാതയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിലും നടപടിക്ക് ഇരയായി. വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും നേതൃനിരയിലേക്ക് ഉയര്‍ന്നു വരാന്‍ കഴിഞ്ഞില്ല. കഴിഞ്ഞവര്‍ഷം നടന്ന മുഹമ്മയിലെ കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ സാക്ഷിയായിരുന്നു പളനി. ഈ കേസുമായി ബന്ധപ്പെട്ട് വി എസും പളനിയും കൊമ്പുകോര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it