ടി ഒ സൂരജിന് 11.84 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന് 11.84 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍. സൂരജിനെതിരേ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപോര്‍ട്ട് അയച്ചു. സൂരജിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാമെന്ന് ലീഗല്‍ അഡൈ്വസര്‍ നിയമോപദേശം നല്‍കിയ സാഹചര്യത്തിലാണ് വിജിലന്‍സ് പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടിയത്.
2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷത്തെ ടി ഒ സൂരജിന്റെ വരുമാനവും സ്വത്തുസമ്പാദ്യവുമാണ് വിജിലന്‍സ് പരിശോധിച്ചത്. വരുമാനത്തേക്കാള്‍ മൂന്നിരട്ടി സ്വത്ത് സൂരജ് സമ്പാദിച്ചതായി വിജിലന്‍സ് റിപോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, തൃശൂര്‍, കൊച്ചി, ഇടുക്കി ജില്ലകളില്‍ ഭാര്യയുടെയും മക്കളുടെയും പേരില്‍ ഭൂമിയും ഫഌറ്റുകളും ആഡംബര കാറുകളുമുണ്ട്. മൂന്നു മക്കളും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലാണ് പഠിച്ചത്.
മകന്റെ പേരിലും മംഗലാപുരത്ത് ആഡംബര ഫഌറ്റുണ്ട്. കൊച്ചിയിലാണ് കോടികള്‍ വിലമതിക്കുന്ന ഭൂമിയും ഗോഡൗണുമുള്ളത്. ആഡംബര കാറുകള്‍ അടക്കം അഞ്ചു വാഹനങ്ങളാണ് സൂരജിന് സ്വന്തമായുള്ളത്.
കമ്പോളവില അനുസരിച്ച് ഭൂസ്വത്തിന്റെ മൂല്യം 30 കോടിയിലധികം വരും. സൂരജ് കൂടിയ വിലയ്ക്ക് ഭൂമി വാങ്ങിയതായി ഇടനിലക്കാര്‍ അടക്കം മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവ കണക്കിലെടുത്താല്‍ വിചാരണ സമയത്ത് തര്‍ക്കം ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും കുറഞ്ഞ തുകയിട്ട് വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
10 വര്‍ഷത്തിനുള്ളില്‍ ഭൂമിയും വീടും വാഹനങ്ങളും വാങ്ങിയതല്ലാതെ ഒന്നും വിറ്റിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. അനധികൃത വരുമാനമാണെന്നു വ്യക്തമാക്കുന്ന തെളിവോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 19നാണ് സൂരജിന്റെ വീട്ടിലും ഫഌറ്റുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയത്. സൂരജ് ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. സൂരജിന്റെ മുഴുവന്‍ സ്വത്തുക്കളും കോടതി വഴി വിജിലന്‍സ് കണ്ടുകെട്ടിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാല്‍ സൂരജിനെതിരായ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it