wayanad local

ടിസിയുടെ അപ്രതീക്ഷിത വേര്‍പാട് കനത്ത നഷ്ടം

പുല്‍പ്പള്ളി: കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലം വയനാട്ടില്‍, പ്രത്യേകിച്ച് പുല്‍പ്പള്ളി മേഖലയില്‍ പത്രപ്രവര്‍ത്തന രംഗത്തും കലാ-സാംസ്‌കാരിക രംഗത്തും ഒരേപോലെ തിളങ്ങിനിന്ന ടി സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടി സി ജോര്‍ജിന്റെ അപ്രതീക്ഷിത വേര്‍പാട് കനത്ത നഷ്ടമായി. സൗമ്യമായ പെരുമാറ്റവും ചടുലതയാര്‍ന്ന പ്രവര്‍ത്തനവും സംസാരത്തിലെ മിതത്വവും ടി സിയുടെ മുഖമുദ്രയായിരുന്നു. കബനിയുടെ തീരത്ത് 33 എന്ന ഗ്രാമത്തില്‍ താമസിച്ചിരുന്ന ജോര്‍ജിന് കബനിയുടെ സുഖവും ദുഃഖവും അടുത്തറിയാമായിരുന്നു. നല്ലൊരു ഗായകന്‍ കൂടിയായിരുന്ന ജോര്‍ജ് ഒരുകാലത്ത് വയനാട്ടിലെ സംഗീതവേദികളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു.
സമൂഹത്തിലെ പല ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തിയ ടി സി വേറിട്ട വ്യക്തിത്വത്തിനുടമയായിരുന്നു. പുല്‍പ്പള്ളിയിലെ വിവിധ വിദ്യാലയങ്ങളില്‍ ദീര്‍ഘകാലം പിടിഎ പ്രസിഡന്റായിരുന്ന ജോര്‍ജ് കുട്ടികളില്‍ വളര്‍ന്നുവരുന്ന മദ്യപാനാസക്തിക്കും മയക്കുമരുന്ന് ഉപയോഗത്തിനുമെതിരേ വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. പ്രകൃതി സംരക്ഷണത്തിന് മരങ്ങള്‍ നട്ടുപിടിപ്പിക്കണം എന്ന സന്ദേശം ഉയര്‍ത്തി പാതയോരങ്ങളില്‍ മരത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന് ദീര്‍ഘകാലം ശ്രമിച്ചിട്ടുണ്ട്.
ടി സി ജോര്‍ജിന്റെ നിര്യാണത്തില്‍ എം ഐ ഷാനവാസ് എംപി, മന്ത്രി പി കെ ജയലക്ഷ്മി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ കെ സി റോസക്കുട്ടി, സിപിഎം ജില്ലാ കമ്മിറ്റി, പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ എന്‍ സുബ്രഹ്മണ്യന്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി പ്രസ് ഫ്ാറം, വയനാട് പ്രസ്‌ക്ലബ്ബ്, പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വൈഎംസിഎ, പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി, പെരിക്കല്ലൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, എകെടിഎ ജില്ലാ സെക്രട്ടറി കെ കെ ബേബി, ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍, വേലിയമ്പം ദേവിവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it