Flash News

ടിയാന്‍ഗോങ്-1 ബഹിരാകാശ നിലയം കത്തിയമര്‍ന്നു

ബെയ്ജിങ്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു. തെക്കന്‍ പസഫിക് സമുദ്രത്തിനു മുകളിലാണ് വിമാനം കത്തിയമര്‍ന്നതെന്നു ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട പേടകം ഇന്നലെ ഭൂമിയില്‍ പതിക്കുമെന്നു ചൈനീസ് ബഹിരാകാശ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രസീലിലെ സാവോ പോളോക്കും റിയോഡി ജനീറോയ്ക്കുമിടയില്‍ പേടകം വീഴുന്നതിനും സാധ്യത കല്‍പിച്ചിരുന്നു.
ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച നിലയം ഉടന്‍തന്നെ കത്തിയമരുകയായിരുന്നു. അന്തരീക്ഷത്തില്‍ വച്ചുതന്നെ പേടകത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചെങ്കിലും ഏതാനും അവശിഷ്ടങ്ങള്‍ കടലില്‍ പതിച്ചതായി ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 2011ലാണ് ടിയാന്‍ഗോങ്-1 വിക്ഷേപിച്ചത്. 8.5 ടണ്‍ ഭാരമാണ് നിലയത്തിനുള്ളത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിലയത്തിന്റെ പ്രവര്‍ത്തനം രണ്ടുവര്‍ഷം മുമ്പ് അവസാനിപ്പിച്ചിരുന്നു.
ടിയാന്‍ഗോങ്-1 നിലയത്തിന്റെ പതനത്തിന് ആഗോള ശ്രദ്ധ കിട്ടിയത് ചൈനീസ് ബഹിരാകാശ ദൗത്യങ്ങളോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ബഹിരാകാശ നിലയങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് സ്വാഭാവികമാണെന്നും ടിയാന്‍ഗോങ്-1ന് വലിയ ശ്രദ്ധ ലഭിച്ചതിനു പിന്നില്‍ ബോധപൂര്‍വമായ പാശ്ചാത്യ ഇടപെടലുണ്ടെന്നും ഒരു ചൈനീസ് പത്രം റിപോര്‍ട്ട് ചെയ്തു. ചൈനയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കേറ്റ തിരിച്ചടിയായി വരെ നിലയത്തിന്റെ പതനം വിലയിരുത്തപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it