ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷം: സംഘപരിവാര ബന്ദില്‍ പരക്കെ അക്രമം

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

മംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരേ സംഘപരിവാര സംഘടനകള്‍ കുടക് ജില്ലയില്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് വിഎച്ച്പി നേതാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ സൗത്ത്കനറ, ഉഡുപ്പി ജില്ലകളില്‍ പ്രഖ്യാപിച്ച ബന്ദില്‍ വ്യാപക അക്രമം. ബണ്ട്വാള്‍ താലൂക്കിലെ ബിസി റോഡ് മാണിഹിലുവില്‍ യുവാവ് ആളുമാറി കുത്തേറ്റു മരിച്ചു. തടയാന്‍ ചെന്ന സുഹൃത്തിനു ഗുരുതരമായി പരിക്കേറ്റു. മാണിഹിലുവിലെ ഹരീഷാ(28)ണു കുത്തേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന സമിയുള്ള(30)യെ കുത്തേറ്റ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ ബിസി റോഡില്‍ ക്രിക്കറ്റ് കളി കഴിഞ്ഞ് ഇരുവരും നടന്നുപോവുന്നതിനിടയില്‍ കാറിലെത്തിയ സംഘമാണു ഹരീഷിനെ കുത്തിക്കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ചപ്പോഴാണു സമിയുള്ളയ്ക്കു കുത്തേറ്റതെന്ന് പോലിസ് ഐജി അമൃത്‌പോള്‍ വാര്‍ത്താലേഖകരോടു പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തു സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇവിടെ പോലിസ് ആക്റ്റ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഹമ്മദ് ഹാരിസ് എന്ന യുവാവിനെ പള്ളിയില്‍ നിന്നു ജുമുഅ നമസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ അജ്ഞാതസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ട് ബിസി റോഡില്‍ കുടകിലെ ശാഹുല്‍ എന്ന യുവാവ് വെടിയേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ കൈക്കമ്പയില്‍ പോലിസ് ലാത്തിവീശി. പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇന്നലെ ദക്ഷിണ കനറയില്‍ സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഉപരോധത്തിനിടയില്‍ വ്യാപകമായ അക്രമം നടന്നു. മംഗളൂരു, ബണ്ട്വാള്‍, മൂഡുബിദ്ര, പുത്തൂര്‍, സുള്ള്യ, വിടഌ ഉഡുപ്പി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. പുത്തൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി ബസ്സുകള്‍ എറിഞ്ഞു തകര്‍ത്തു.
തലപ്പാടിയില്‍ നിര്‍ത്തിയിട്ടിരുന്ന ന്യൂനപക്ഷ വിഭാഗക്കാരുടെ ബസ്സുകള്‍ പേരുനോക്കി എറിഞ്ഞു തകര്‍ത്തു. ബന്തറില്‍ സ്‌കോര്‍പിയോ കാറിലെത്തിയ സംഘം ആരാധനാലയത്തിനു നേരെ കല്ലേറ് നടത്തി. ആരാധനാലയത്തിന്റെ ഒരു ജനല്‍ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു. ഇന്നലെയാണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് നിന്നു മംഗളൂരുവിലേക്കുള്ള അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തലപ്പാടിയില്‍ ട്രിപ്പ് അവസാനിപ്പിച്ചു. കുന്താപുരം ശാസ്ത്രി സര്‍ക്കിള്‍, ഉഡുപ്പി എന്നിവിടങ്ങളില്‍ ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ക്കുനേരെ വ്യാപകമായി കല്ലെറിഞ്ഞു.
Next Story

RELATED STORIES

Share it