thrissur local

ടിപി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് ഉന്നതരുടെ അനുമതിയോടെ

തൃശൂര്‍: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കു പരോള്‍ ലഭിച്ചത് സംസ്ഥാന സര്‍ക്കാരിലേയും ജയില്‍-ആഭ്യന്തര വകുപ്പിലേയും ഉന്നതരുടെ അനുമതിയോടെ. വിയ്യൂര്‍ ജയില്‍ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടും ഇതില്‍ നിര്‍ണായ ഘടകമാണ്.
പ്രതികള്‍ക്ക് പരോള്‍ അനുവദിക്കരുതെന്നു കോടതി വിലക്കില്ലെന്നിരിക്കെ പരോള്‍ അപേക്ഷയെ എതിര്‍ക്കാന്‍ ജയി ല്‍ അധികൃതര്‍ക്ക് കഴിയുമായിരുന്നില്ല. എന്നാല്‍, പരോള്‍ അനുവദിച്ചതില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും ചട്ട ലംഘനം നടന്നിട്ടുണ്ടെന്നുമുള്ള രേഖകള്‍ സഹിതമുള്ള ആരോപണം സ ര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.
പരോള്‍ അനുവദിച്ച നടപടി ക്രമങ്ങള്‍ ശരിയായ വിധത്തിലായിരുന്നോ എന്ന കാര്യം പുനപരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഇതു പരിശോധിക്കേണ്ടതും പരോള്‍ അനുവദിച്ചവര്‍ തന്നെയാണെന്നതിനാല്‍ ഇതു പ്രഹസനമാവുമെന്നു ചൂണ്ടി കാണിക്കപ്പെടുന്നു. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട ദിവസം ടി പി കോസിലെ പ്രതികളായവര്‍ പരോളില്‍ ജയിലിനു പുറത്തായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രേഖകള്‍ സഹിതം ആരോപണമുന്നയിച്ചിരുന്നു. വിയ്യൂരിലെ ജയില്‍ ഉപദേശക സമിതി പരോള്‍ അപേക്ഷ എതിര്‍ത്തിരുന്നില്ല. സിപിഎമ്മിലെ പ്രധാന നേതാക്കളടക്കമുള്ളവര്‍ ജയി ല്‍ ഉപദേശക സമിതിയിലുണ്ട്. ടി പി കേസ് പ്രതികളെ വിയ്യൂര്‍ ജയിലില്‍ മര്‍ദിച്ചെന്ന ആരോപണം മുമ്പ് ഉയര്‍ന്നപ്പോള്‍ ജയിലിനു മുന്നില്‍ സമരം നടത്തിയത് ഈ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു.
പരോള്‍ അനുവദിച്ചതില്‍ ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ച് എന്തായാലും ഉന്നതതല അന്വേഷണം വരുമെന്ന് ഉറപ്പായിട്ടുണ്ട്. കൊടി സുനിക്ക് 15 ദിവസവും കിര്‍മാണി മനോജിനു 30 ദിവസവുമാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്. ഒന്നാം പ്രതി എം സി അനൂപ് ശുഹൈബ് കൊല്ലപ്പെട്ടതിനു പിറ്റേ ദിവസമാണ് പരോളിലിറങ്ങിയത്. വിയ്യൂര്‍ ജയിലിലെ ബി ബ്ലോക്കിലാണ് ഇവരുടെ സെല്ലുകള്‍. കൊടി സുനിക്കും മറ്റും പോലിസ് കാവലില്ലാതെ പരോള്‍ ലഭിച്ചത് ഇത്തവണയാണ്. കുറ്റവാളികളെ പോലിസ് കാവലില്‍ പുറത്തു കൊണ്ടുപോകുന്ന എസ്‌കോര്‍ട്ട് പരോളിലാണ് ഇതുവരെയും ഇവര്‍ പുറത്തു പോയിരുന്നത്. ഇപ്പോള്‍ പരോള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഇവര്‍ അയല്‍ ജില്ലകളിലേക്കു കടന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it