kasaragod local

ടിടിആര്‍ ആയിരിക്കെ പ്രധാനമന്ത്രിയുടെ ടിക്കറ്റ് പരിശോധിച്ച കണിശക്കാരന്‍

തൃക്കരിപ്പൂര്‍: ലളിത ജീവിതം മുഖമുദ്രയാക്കിയ, കണിശതയുടെ ആള്‍രൂപമായിരുന്ന ഇന്നലെ അന്തരിച്ച നാട്ടുകാര്‍ സ്‌നേഹപൂര്‍വം ടിടിആര്‍ എന്നു വിളിക്കുന്ന കോളേത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി. ഏറെ കാലത്തെ സതേണ്‍ റെയില്‍വേയിലെ അഴിമതിയുടെ കറപുരളാത്ത ഔദ്യോഗിക ജീവിതത്തിന് ശേഷം ജനറല്‍ സപ്ലൈസ് എന്ന സ്ഥാപനം തുടങ്ങിയതോടെ മുസ്്‌ലിം ലീഗ്, വ്യാപാരി വ്യവസായി ഏകോപന സമിതി, തങ്കയം മുസ്്‌ലിം ജമാത്ത് കമ്മിറ്റി തുടങ്ങിയവയുടെ നേതൃസ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.1952ല്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന കാലം. ആലുവ സ്‌റ്റേഷനില്‍ ഫുട്ട്ഓവര്‍ ബ്രിഡ്ജില്‍ യാത്രക്കാരുടെ ടിക്കറ്റ് ശേഖരിക്കുന്ന ചുമതലയിലായിരിക്കെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു യുവജീവനക്കാരന്റെ കൈ പിടിച്ചു കുലുക്കിയ അനുഭവം അദ്ദേഹം വിവരിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ടിക്കറ്റ് പരിശോധിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇന്ദിരയും പ്രൈവറ്റ് സെക്രട്ടറി മിനോ മസാനിയും ട്രെയിനിലെ ഇന്റര്‍ ക്ലാസിലായിരുന്നു യാത്ര ചെയ്തിരുന്നത്. സെക്കന്റ് ക്ലാസിനും തേര്‍ഡ് ക്ലാസിനും ഇടയിലുള്ളതാണ് അന്നത്തെ ഇന്റര്‍ ക്ലാസ്. ഫസ്റ്റ് ക്ലാസ് ആരംഭിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നെഹ്‌റവിനൊപ്പം മംഗലാപുരത്ത് എത്തിയ ഇന്ദിര അച്ഛനെ അനുഗമിച്ചാണ് ട്രെയിനില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ചെറുവത്തൂരില്‍ നിന്ന് കയറിയ ടിക്കറ്റ് എക്‌സാമിനര്‍ അബ്ദുര്‍റഹ്മാന് ഇന്ദിര ടിക്കറ്റ് നീട്ടി. പുഞ്ചിരിച്ച ഇന്ദിരയുടെ മുന്നിലെ സീറ്റില്‍ ഒന്നും പറയാനാവാതെ ഇരുന്നത് സര്‍വീസ് ജീവിതത്തിലെ മറക്കാനാവാത്ത ഏടായി അദ്ദേഹം സൂക്ഷിച്ചു. പിന്നീട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു, എകെജി എന്നിവരോടൊപ്പം യാത്രചെയ്യാനും പരിചയപ്പെടാനും അവസരം ലഭിച്ചു.
Next Story

RELATED STORIES

Share it