thiruvananthapuram local

ടിക്കറ്റ് ലഭിക്കാത്തവര്‍ സ്റ്റേഡിയത്തിനു മുന്നില്‍ പ്രതിഷേധിച്ചു



എം എം അന്‍സാര്‍

കഴക്കൂട്ടം: ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യാ ന്യൂസിലാന്‍ഡ് മൂന്നാം ടി20 മല്‍സരത്തിന് ഭീഷണിയായി മഴ. ഇന്നലെ മുതല്‍ ഇടവിട്ട് പെയ്തുകൊണ്ടിരിക്കുന്ന മഴ ഇന്നും തുടരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ഏതാനും ദിവസമായി ഇടക്കൊക്കെ മഴയുണ്ടായിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ പെയ്തിറങ്ങിയ മഴ മണിക്കൂറുകളാണ് നീണ്ട് നിന്നത്. ഇതുമൂലം സ്റ്റേഡിയത്തിലും പിച്ചിലും ഈര്‍പ്പം കൂടുതലാണ്. ശക്തമായ മഴ വരുന്ന രണ്ട് ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പ്രകടനം നേരിട്ട് കാണാനുള്ള അവസരം മഴമൂലം നഷ്ടമാവരുതേയെന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍. അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങളിലുള്ളതിനെ വെല്ലുന്ന ഡ്രൈനേജ് ആണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. എത്ര ശക്തിയേറിയ മഴ പെയ്യ്തിറങ്ങിയാലും 20 മിനിറ്റിനകം ഈ മഴവെള്ളം വാര്‍ന്ന് പോകാനുള്ള സംവിധാനവും ഗ്രീ ന്‍ഫീല്‍ഡിലുണ്ട്. ഈ സംവിധാനത്തിലൂടെ 15-20 മിന്നിറ്റിനകം കളി തുടരാനും കഴിയുമെന്നാണ് സ്‌റ്റേഡിയം അധികൃതരും കെസിഎ ഭാരവാഹികളും പറയുന്നത്. ഇതിനൊപ്പം തന്നെ മഴയുടെ സൂചന തുടങ്ങുന്ന സമയം തന്നെ പിച്ച് മൂടാനുള്ള പ്രത്യേകമാറ്റും വെള്ളം വലിച്ചെടുക്കാനുള്ള മറ്റ് സാമഗ്രികളും സ്‌റ്റേഡിയത്തി ല്‍ ഒരുക്കി കഴിഞ്ഞു. തോരാതെ  മഴ പെയ്താല്‍ കളി തുടരാനാവില്ല. അതേസമയം കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും കഴിഞ്ഞ ദിവസവും സ്‌റ്റേഡിയത്തിന്റെ ദേശീയ പാതയിലുള്ള പ്രധാന കവാടത്തില്‍ ടിക്കറ്റ് ലഭിക്കാത്തവരുടെ വന്‍ തിരക്കായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമെത്തിയ യുവാക്കളായിരുന്നു ഏറേയും. അഞ്ച്ശതമാനം ടിക്കറ്റുകള്‍ ഇനിയും വില്‍പ്പനക്കുണ്ടെന്ന തെറ്റിദ്ധാരണയിലായിരുന്നു ഇവരൊക്കെ നൂറ് കണക്കിന് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ഇവിടെ എത്തിയത്. ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പായതോടെ സംഘം ചേര്‍ന്ന് സ്‌റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡ് ഉപരോധിച്ചെങ്കിലും പോലിസ് വിവരങ്ങള്‍ ധരിപ്പിച്ച് ഇവരെ പിന്തിരിപ്പിച്ചു. ഇതിനിടെ ഓണ്‍ലൈണ്‍ ടിക്കറ്റുകള്‍ മാറ്റി കൊടുക്കുന്നതിന്റെ കൗണ്ടറിലും സംഘം ബഹളം വെച്ചു. ഇതിനെ തുടര്‍ന്ന് ഈ കൗണ്ടര്‍ വഴുതക്കാട്ടെ കോട്ടന്‍ഹില്‍ ഫെഡറല്‍ ബാങ്കിലേക്ക് മാറ്റി. എന്നിട്ടും രാത്രി വൈകുവോളവും സ്‌റ്റേഡിയത്തിന് ചുറ്റും തങ്ങള്‍ക്ക് ഒന്ന് കളി കാണാനുള്ള അവസരം കിട്ടുമോ എന്ന് അന്വേഷിച്ച് പലരും ചുറ്റുന്നതും കാണാമായിരുന്നു.
Next Story

RELATED STORIES

Share it