malappuram local

ടിക്കറ്റില്ല, പകരം പണം ഈ ബക്കറ്റിലിട്ടോളൂ...

മലപ്പുറം: കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്റെ മലപ്പുറം ജില്ലയിലെ മെമ്പര്‍മാരുടെ ആയിരത്തോളം സ്വകാര്യ ബസ്സുകള്‍ ഇന്നലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി കാരുണ്യയാത്ര നടത്തി. സംസ്ഥാന ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും കാരുണ്യയാത്ര നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മലപ്പുറം ജില്ലയിലും സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയത്. ജില്ലയില്‍നിന്ന് കാരുണ്യയാത്ര വഴി സ്വരൂപിക്കുന്ന തുക സംസ്ഥാന ഫെഡറേഷന്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഡീസല്‍ വില വര്‍ധനയും മറ്റുകാരണങ്ങളാലും വളരെയധികം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തിലും സ്വകാര്യ ബസ്സുടമകളും ബസ് ജീവനക്കാരും നടത്തിയ കാരുണ്യയാത്രക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. അഡ്വ. എം ഉമ്മര്‍ എംഎല്‍എ മഞ്ചേരിയിലും പി കെ അബ്ദുറബ്ബ് എംഎല്‍എ ചെമ്മാട്ടും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ തിരൂരിലും ആബിദ് ഹുസയ്ന്‍ തങ്ങള്‍ എംഎല്‍എ വളാഞ്ചേരിയിലും പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി പൊന്നാനിയിലും പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്‍ പെരിന്തല്‍മണ്ണയിലും നിലമ്പൂര്‍ ജോയന്റ് ആര്‍ടിഒ ഇ എന്‍ മോഹന്‍ദാസ് നിലമ്പൂരിലും കാരുണ്യയാത്ര ഫഌഗ്ഓഫ് ചെയ്തു. വിവിധ തൊഴിലാളി യൂനിയന്‍ നേതാക്കള്‍, ഗതാഗ വകുപ്പിലെയും പോലിസിലെയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മുന്‍സിപ്പല്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ മുതലായവര്‍ വിവിധ സ്ഥലങ്ങളില്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്ഥാന ഖജാഞ്ചി ഹംസ ഏരിക്കുന്നന്‍, ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് എന്ന നാണി, ജില്ലാ ഭാരവാഹികളായ വെട്ടത്തൂര്‍ മുഹമ്മദലി, പക്കീസ കുഞ്ഞിപ്പ, കെ പി അബ്ദുര്‍റഹ്മാന്‍, കെ പി നാണി, കമാല്‍ കുരിക്കള്‍, ഗാലക്‌സി നസീര്‍, പൂളക്കുന്നന്‍ ശിഹാബ്, എന്‍ അബ്ദുള്‍ റസാഖ്, വിവിധ താലൂക്ക് അസോസിയേഷന്‍ ഭാരവാഹികളായ മുസ്ഥഫ കളത്തുമ്പടിക്കല്‍, യു കെ സച്ചിദാനന്ദന്‍, യു അനില്‍കുമാര്‍, ശിശുപാലന്‍, ഷറഫുദ്ദീന്‍ തിരൂര്‍ അഷ്‌റഫ്, കുഞ്ഞീന്‍ വളാഞ്ചേരി, ബാലന്‍ എടപ്പാള്‍, നാരായണന്‍ പൊന്നാനി, റഫീഖ് വേങ്ങര മുതലായര്‍ വിവിധ താലൂക്കുകളില്‍ കാരുണ്യയാത്രക്ക് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it