Pathanamthitta local

ടികെ റോഡില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ കാമറകള്‍ സ്ഥാപിക്കണം



കോഴഞ്ചേരി: ടികെ റോഡില്‍ വാഹനാപകടങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ വേഗത നിയന്ത്രണത്തിനായി നിരീക്ഷണ കാമറകള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്ന്            കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി അപകടങ്ങള്‍ ഈ റോഡില്‍ ഉണ്ടായതായും ഇക്കാര്യത്തില്‍ പോലിസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാവേണ്ടത് വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ അനിവാര്യമാണെന്നും താലൂക്ക് വികസന സമിതി വിലയിരുത്തി. ഇലന്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതിലാണ് ഈ വിഷയം വികസന സമിതിയില്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പോലിസിനും മോട്ടോര്‍ വാഹന വകുപ്പിനും കത്ത് നല്‍കുന്നതിന് തീരുമാനിച്ചു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും കൊതുകു നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കുന്നതിനും പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണത്തിന്റെ ചെലവ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്നും നിര്‍വഹിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം പ്രായോഗികമല്ലെന്നും ഇക്കാര്യത്തില്‍ സ്‌കൂള്‍ പിടിഎയും പഞ്ചായത്ത് അധികൃതരും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പ്രായോഗികമായ സമീപനം സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. സ്ത്രീയാത്രികര്‍ക്ക് ബസ്സുകളില്‍ യാത്രചെയ്യുമ്പോള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ബസ് ജീവനക്കാര്‍ക്ക് മതിയായ ബോധവല്‍ക്കരണം നല്‍കണമെന്ന് പൗരസമിതി പ്രസിഡന്റ് ബേബിക്കുട്ടി ഡാനിയേല്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. കിടങ്ങന്നൂരില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് ആറന്മുള പഞ്ചായത്ത് 120000 രൂപ ഭൂജലവകുപ്പിന് നല്‍കിയെങ്കിലും കിണര്‍ നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്‍ അറിയിച്ചു. കിണര്‍ അടിയന്തരമായി നിര്‍മിക്കുന്നതിന് ഭൂജല വകുപ്പിന് നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ഓമല്ലൂര്‍-കുളനട റോഡില്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ഭാഗത്തെ പൊതുമരാത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് ആവശ്യമായ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. തഹസില്‍ദാര്‍ ബി സതീഷ്‌കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it