Alappuzha local

ടികെഎംഎം കോളജില്‍ കെഎസ്‌യു ആക്രമണം; പ്രിന്‍സിപ്പലിനു നേരെ അസഭ്യവര്‍ഷം



ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജില്‍ കെഎസ്‌യു അക്രമണം. പ്രിന്‍സിപ്പലിനുനേരെ അസഭ്യവര്‍ഷം. റൂമിന്റെ ചില്ലുകളും ചെടിച്ചട്ടികളും തകര്‍ത്തു. ടികെ മാധവന്റെ വെങ്കല സ്മൃതി മണ്ഡപം തകര്‍ക്കാനും ശ്രമം. ഇന്നലെ രാവിലെ 10.45 ഓടെ കോളജിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കൊപ്പം വന്ന പുറത്തുനിന്നുള്ളവരാണ് ആക്രമണം നടത്തിയത്. മുഖംമൂടി ധരിച്ചും അല്ലാതെയും എത്തിയ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പളിനും അധ്യാപകര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തുകയും ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയം നേടിയതോടെ കോളജില്‍ വാക്കു തര്‍ക്കങ്ങളും കൈയേറ്റ ശ്രമങ്ങളും നടന്നിരുന്നു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐയുടെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയില്‍ എബിവിപി പ്രവര്‍ത്തകനായ ഹരീഷ് (20), കെഎസ്‌യു പ്രവര്‍ത്തകനായ നകുലന്‍ (18) എന്നിവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതില്‍ പ്രിന്‍സിപ്പല്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഇന്നലെ രാവിലെ 10.30 ഓടെ പ്രകടനമായെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കോളജില്‍ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. തുടര്‍ന്ന് കോളജ് അധികൃതര്‍ കോളജിലെ കഌസുകള്‍ നിര്‍ത്തിവച്ച് കുട്ടികളെ പറഞ്ഞയക്കുകയും ചെയ്തു. എബിവിപി നേതാക്കന്മാര്‍ പ്രിന്‍സിപ്പളിന്റെ മുറിയുടെ വാതിലില്‍ കൊടി കുത്തുകയും പ്രിന്‍സിപ്പളുമായി ചര്‍ച്ച നടത്തികൊണ്ടിരുന്നപ്പോഴാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കോളജില്‍ എത്തുന്നത്. പ്രിന്‍സിപ്പളിനെയും അധ്യാപകരെയും അസഭ്യം പറഞ്ഞെത്തിയ സംഘം പ്രിന്‍സിപ്പളിന്റെ മുറിയുടെ വാതിലില്‍ ഉണ്ടായിരുന്ന ഗ്ലാസുകളും ജനല്‍ ചില്ലുകളും തല്ലി തകര്‍ത്തു. കോളജിന്റെ മുന്‍ വശത്ത് സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും സംഘം തകര്‍ത്തു. തുടര്‍ന്ന് ടികെ മാധവന്റെ പ്രതിമയ്ക്ക് നേരെ കല്ലെറിയുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും അധ്യാപകര്‍ പറഞ്ഞു.കോളജില്‍ ആക്രമണം നടന്നിട്ടും ഹരിപ്പാട് എസ്‌ഐ യോ പോലിസുകാരോ സമയത്ത് എത്തിയില്ലെന്നും പരാതിയുണ്ട്. കെഎസ്‌യു പ്രവര്‍ത്തകനെ കോളജ് ക്ലാസ് മുറിക്കുള്ളിലിട്ട്് മര്‍ദിച്ചിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ച് പ്രിന്‍സിപ്പളിനെ കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരവധി തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആക്രമണം നടന്നെന്ന് പറയുന്ന ദിവസം നകുലന്‍ എന്ന വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച വരെ കോളജില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഹരിപ്പാട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it