Districts

ടാറ്റാ സുമോ വെള്ളക്കെട്ടിലേക്കു മറിഞ്ഞ് ഏഴു പേര്‍ മരിച്ചു

പുതുക്കാട്(തൃശൂര്‍): ദേശീയപാതയില്‍ നന്തിക്കരയില്‍ പാടത്തെ മണ്ണെടുത്ത വെള്ളക്കെട്ടിലേക്ക് ടാറ്റാ സുമോ മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ഖത്തറില്‍ നിന്നു തിരിച്ചെത്തിയ പാലക്കാട് ആലത്തൂര്‍ കാട്ടിശ്ശേരി പുതുശ്ശേരിക്കളം വീട്ടില്‍ ഇസ്ഹാഖിനെ കൂട്ടി മടങ്ങുകയായിരുന്ന വീട്ടുകാരും ഡ്രൈവറുമാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന എട്ടു വയസ്സുകാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇസ്ഹാഖ് (40), പിതാവ് ഇസ്മായീല്‍ (68), മാതാവ് ഹവ്വാഉമ്മ (63), ഭാര്യ ഹഫ്‌സത്ത് (32), ഇസ്ഹാഖ്-ഹഫ്‌സത്ത് ദമ്പതികളുടെ മകള്‍ ഇര്‍ഫാന (മൂന്നര), സഹോദരീ ഭര്‍ത്താവ് നെന്‍മാറ കയ്‌റാടി മന്‍സൂര്‍ (45), കാര്‍ ഡ്രൈവറായ പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണാലയത്തില്‍ കൃഷ്ണപ്രസാദ് (34) എന്നിവരാണ് മരിച്ചത്.  ഇസ്ഹാഖ്-ഹഫ്‌സത്ത് ദമ്പതികളുടെ മൂത്ത മകന്‍ ഇജാസാ(8)ണ്  അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇജാസിനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയവരില്‍ ജീവന്‍ അവശേഷിച്ചിരുന്ന ഇജാസിനെ പുറത്തെടുത്തയുടനെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൃഷ്ണപ്രസാദിന്റെ മൃതദേഹം കാറിനു പുറത്തുനിന്ന് അപകടം നടന്ന് അഞ്ചു മണിക്കൂറിനു ശേഷവും ഇസ്മായീലിന്റെ മൃതദേഹം എട്ടു മണിക്കൂറിനു ശേഷവുമാണ് കണ്ടെത്താനായത്. ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് ഖത്തര്‍ ഷെവര്‍ലെ കമ്പനി ഡ്രൈവറായ ഇസ്ഹാഖ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്നു സ്വീകരിച്ച് ആലത്തൂരിലേക്ക് മടങ്ങിയ കെഎല്‍ 48 എ 7047 നമ്പര്‍ ടാറ്റാ സുമോ പുലര്‍ച്ചെ 4.50ഓടെയാണ് നന്തിക്കര പെട്രോള്‍ബങ്കിന് എതിര്‍വശത്തെ വെള്ളക്കെട്ടിലേക്കു മറിഞ്ഞത്. കളിമണ്ണെടുത്തതിനാല്‍ രൂപപ്പെട്ട കുഴിക്ക് 20 അടിയോളം ആഴമുണ്ട്. കുഴിയിലേക്കു വീണ കാര്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. കാര്‍ മറിയാനുണ്ടായ കാരണം വ്യക്തമല്ല.കാര്‍ വെള്ളക്കെട്ടിലേക്ക് മറിയുന്നതു കണ്ട ലോറി തൊഴിലാളികളാണ് പോലിസില്‍ വിവരമറിയിച്ചത്. നാട്ടുകാരും പോലിസും അഗ്നിശമനസേനാ വിഭാഗവും രക്ഷാപ്രവര്‍ത്തനം നടത്തി. നിറയെ വെള്ളമുണ്ടായിരുന്ന കുഴിയില്‍ ചളിയും ചണ്ടിയും നിറഞ്ഞുകിടന്നതും കാര്‍ താഴ്ന്നുപോയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം നേരിട്ടു. ദേശീയപാതയോരത്ത് ക്രെയിന്‍ നിര്‍ത്തി വടം കെട്ടിവലിച്ചാണ് കാര്‍ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹങ്ങള്‍ പുതുക്കാട് ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലത്തൂര്‍ പള്ളിഹാളില്‍ പൊതു ദര്‍ശനത്തിനു വച്ചു. മരിച്ച ആറുപോരുടെ ഖബറടക്കം ഇന്ന് അടിപെരണ്ട കയറാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. നൂര്‍ജഹാനാണ് മന്‍സൂറിന്റെ ഭാര്യ. മക്കള്‍: അസ്‌ന,അജ്ഫല്‍.
Next Story

RELATED STORIES

Share it