ടാറ്റയുടെ ഭൂമികൈയേറ്റം: രേഖകള്‍ ഹാജരാക്കണം

കൊച്ചി: മൂന്നാറിലെ ഭൂമികൈയേറ്റ കേസന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുന്ന ശരിയായ രേഖകള്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാക്കണമെന്ന് ടാറ്റയോട് ഹൈക്കോടതി. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ ആവശ്യപ്രകാരം അസ്സല്‍ രേഖകള്‍ ഹാജരാക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ടാറ്റയുടെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
ഭൂമിതട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ കേസുകളിലെ അന്വേഷണത്തിന്റെ ഭാഗമായി ഭൂമിസംബന്ധമായ അസ്സല്‍ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് എസ്പി നോട്ടീസ് അയച്ചിരുന്നു.
ഈ രേഖകള്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാക്കണമെന്നും മറ്റൊരു ഉത്തരവുണ്ടാകും വരെ അന്വേഷണ ഉദ്യോഗസ്ഥന്‍ തിരിച്ചുനല്‍കേണ്ടതില്ലെന്നുമാണ് കോടതിയുടെ ഉത്തരവ്. വ്യാജരേഖകളാണ് കൈവശമുള്ളതെന്നതിനാലാണ് ഹാജരാക്കാന്‍ മടികാട്ടുന്നതെന്ന് സംശയമുണ്ടെന്നും ഇനിയും ഹാജരാക്കാത്തപക്ഷം ഭൂമിസംബന്ധമായി കൈവശമുള്ളത് വ്യാജരേഖകളാണെന്ന നിഗമനത്തിലെത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും ക്രൈംബ്രാഞ്ച് നോട്ടീസില്‍ അറിയിച്ചിരുന്നു.
എന്നാല്‍, ഈ നോട്ടീസ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. അതേസമയം, കേസെടുത്ത നടപടിയെ എതിര്‍ത്ത് നേരത്തേ ഹരജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണമെന്നും ഈ ഹരജിയില്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സുശീല ഭട്ട് വ്യക്തമാക്കി.
കോടതി നടപടികളെ വ്യാപകമായി ടാറ്റ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഐജി കോടതിയില്‍ വിശദീകരണപത്രികയും നല്‍കി. ഒരേ വിഷയത്തില്‍ ഒന്നിലേറെ തവണ ഒരേ സ്വഭാവത്തിലുള്ള ഹരജി ഫയല്‍ ചെയ്യരുതെന്ന സുപ്രിംകോടതി വിധി ലംഘിക്കുകയാണ് ടാറ്റ ചെയ്യുന്നത്.
Next Story

RELATED STORIES

Share it