thrissur local

ടാറിങ് വൈകുന്നു; കൊടുങ്ങല്ലൂര്‍-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ പൊടിശല്യം രൂക്ഷം

മാള: കൊടുങ്ങല്ലൂര്‍-പൊയ്യ-എരവത്തൂര്‍-അത്താണി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ എരവത്തൂരിനടുത്ത് രണ്ടിടങ്ങളില്‍ മെറ്റലും പൊടിപടലങ്ങളുമായി കിടക്കുന്നത് ദുരിതമാകുന്നു. എരവത്തൂര്‍ ജങ്ഷനില്‍ നിന്നും കൊച്ചുകടവിലേക്കുള്ള റോഡില്‍ മുളക്കാമ്പിള്ളി താഴത്തുള്ള വളവിലും കുഴൂരിലേക്കുള്ള റോഡില്‍ കുഴൂര്‍ചിറ പാലത്തിനോട് ചേര്‍ന്നുമാണ് മെറ്റലും പൊടിയും ദുരിതമാകുന്നത്. വളവില്‍ റോഡിന് ഉയരം കൂട്ടാനും പുതുതായി പണിത പാലത്തിനൊപ്പം റോഡുയര്‍ത്താനുമാണ് മെറ്റലും എംസാന്റും പാറപ്പൊടിയും ചേര്‍ത്ത മിശ്രിതം ഇട്ടുറപ്പിച്ചിരിക്കുന്നത്. നനഞ്ഞ മിശ്രിതമിട്ട് ഉറപ്പിച്ചതിന്റെ അടുത്ത ദിവസം മുതല്‍ തുടങ്ങിയതാണ് യാത്രക്കാരുടേയും പരിസരവാസികളുടേയും ദുരിതങ്ങള്‍.
നനവ് മാറിയതോടെ വലിയതോതിലുള്ള പൊടിശല്ല്യമാണ് അനുഭവപ്പെടുന്നത്. ഏതെങ്കിലും ഒരു വാഹനം കടന്നുപോയാല്‍ പൊടിപടലമുയരും. വളരെ ഉയരത്തിലും വ്യാപ്തിയിലുമാണ് പൊടി ഉയരുന്നത്. പിന്നാലെ വരുന്നത് തുറന്നതായ വാഹനങ്ങളോ ബൈക്കോ മറ്റോ ആണെങ്കില്‍ അതിലെ യാത്രക്കാര്‍ പൊടിയില്‍ കുളിക്കും. ഇതുമൂലം ഒരു വാഹനം കടന്നു പോയി പൊടിയടങ്ങിയ ശേഷമാണ് അടുത്ത വാഹനം കടന്നു പോകുന്നത്. രണ്ടിടത്തും ഇതാണവസ്ഥ.
മിശ്രിതം ഉറപ്പിച്ച ശേഷം ഇളകിവരുന്ന മെറ്റലാണ് മറ്റൊരു ദുരിവും അപകട ഭീഷണിയുമാകുന്നത്. വളവിലാണ് മെറ്റല്‍ കൂടുതല്‍ ഭീഷണിയാകുന്നത്. നിറയെ ഇളകി കിടക്കുന്ന മെറ്റല്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് ഭീഷണി ഏറെ. വളവ് തിരിഞ്ഞ് വരുന്ന ബൈക്കുകള്‍ മെറ്റലുകളില്‍ തട്ടി നിയന്ത്രണം വിടാന്‍ സാധ്യതയേറെയാണ്. സത്രീയാത്രികര്‍ക്കാണ് കൂടുതല്‍ ഭീഷണി. രാത്രികാലങ്ങളില്‍ ഭീഷണിയേറുന്നു. മറ്റിടങ്ങളില്‍ റോഡിന്റെ സൈഡുകളിലാണ് ഇത്തരം പണിയെന്നതിനാല്‍ ഇവിടങ്ങളിലെ പോലെ ബുദ്ധിമുട്ടില്ല. ടാറിങ് നടക്കുന്നതിനടുത്ത ദിവസങ്ങളിലായി റോഡ് മുഴുവനായുമുള്ള പണി ചെയ്യുകയായിരുന്നെങ്കില്‍ കുറഞ്ഞ ദിവസങ്ങളിലെ ദുരിതം അനുഭവിച്ചാല്‍ മതിയായിരുന്നു. എന്നാലിനിയും രണ്ടാഴ്ചയോളം കഴിഞ്ഞാലേ ഈ ഭാഗങ്ങളിലേക്ക് ടാറിംങ് പണികളെത്തു. ടാറിംഗ് വൈകിയെത്താനാണ് സാദ്ധ്യതയെന്നതിനാല്‍ പൊടിയും മെറ്റലും ഇളകിയുള്ള ദുരിതത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കണമെന്നാണ് വ്യാപകമായി ഉയരുന്ന ആവശ്യം.
Next Story

RELATED STORIES

Share it