kozhikode local

ടാറിങ് തകര്‍ന്നു ; നരിക്കുനി-കാക്കൂര്‍ റോഡ് യാത്ര ദുഷ്‌കരം



നരിക്കുനി: ടാറിങ് തകര്‍ന്ന് കുണ്ടും കുഴികളും നിറഞ്ഞ നരിക്കുനി - കാക്കൂര്‍ റോഡില്‍ മഴക്കാലമായതോടെ യാത്ര ഏറെ ദുഷ്‌കരമായി. റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ശോച്യാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല. ഏറെക്കാലമായി പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള കാക്കൂര്‍ റോഡില്‍ ഇപ്പോഴും പഞ്ചായത്ത് റോഡിന്റെ സൗകര്യമേയുള്ളൂ. നരിക്കുനി- അണ്ടിക്കോട് റോഡിന്റെ ഭാഗമാണ് ഈ റോഡ്. ഈ റോഡിന് സമീപത്തായാണ് നരിക്കുനി ഫയര്‍ സ്റ്റേഷനുമുള്ളത്. നിരവധി വളവുകളും കയറ്റവുമുള്ള റോഡില്‍ വാഹനാപകടങ്ങളും പതിവാണ്. ഈ റോഡില്‍ മേജര്‍ വര്‍ക്കുകള്‍ നടന്നിട്ട് കാല്‍നൂറ്റാണ്ടോളമായി. പലയിടത്തും ടാറിങ് തകര്‍ന്നു യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ചില ഭാഗങ്ങളില്‍ ടാറിങ് പൂര്‍ണമായി തകര്‍ന്നിട്ട് കാലമേറെയായെങ്കിലും നടപടികള്‍ വൈകുകയാണ്. പേച്ച് വര്‍ക്ക് കൊണ്ട് മാത്രം യാത്രാദുരിതം പരിഹരിക്കാന്‍ കഴിയാത്തത്ര ദയനീയമാണ് റോഡിന്റെ അവസ്ഥ. എല്ലാ വേനല്‍ക്കാലത്തും നടത്തുന്ന അറ്റകുറ്റപ്പണികള്‍ക്ക് ഒരു മഴ വരുന്നത് വരെയെ ആയുസുണ്ടാവാറൂള്ളൂ. സമീപ പ്രദേശങ്ങളിലൂടെയുള്ള റോഡുകള്‍ വീതി കൂട്ടി നവീകരിച്ചിട്ടും  നൂറുകണക്കിന് വാഹനങ്ങള്‍ ദിനം പ്രതി നൂറ്കണക്കിന് വാഹനങ്ങള്‍ കടന്ന് പോവുന്ന ഈ റോഡിന് ശാപമോക്ഷമായിട്ടില്ല. പത്തോളം ബസ്സുകള്‍ കടുപോവുന്ന ഈ റോഡിലൂടെയാണ് കാക്കൂര്‍ ഭാഗത്ത് നിന്ന് മെഡിക്കല്‍ കോളജിലേക്ക് ആളുകള്‍ പോവുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കാക്കൂര്‍ പിഎച്ച്‌സിയിലേക്കുമുള്ളവര്‍ക്കും ഈ റോഡ് മാത്രമാണ് ആശ്രയം. എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാതെ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. മഴക്കാലമായതോടെ റോഡ് മിക്കവാറും ഭാഗങ്ങളില്‍ ചളിക്കളമായി മാറിയിരിക്കുകയാണ്. റോഡിന്റെ പരിഷ്‌കരണപ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ വൈകുകയാണ്.
Next Story

RELATED STORIES

Share it