Alappuzha local

ടാറിങ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം വീണ്ടും ജല അതോറിറ്റിയുടെ കുഴിയെടുപ്പ്

എടത്വ: കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്ത് മൂടി ടാറിങ് കഴിഞ്ഞ് ഗതാഗതം ആരംഭിച്ച സ്ഥലത്ത് ജല അഥോറിറ്റിയുടെ വക വീണ്ടും കുഴിയെടുപ്പ്. കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള കുഴിയെടുപ്പ് യാത്രക്കാരെ വലക്കുന്നു.
ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പിടീല്‍ പൂര്‍ത്തിയാക്കി ടാറിങ്ങ് നടത്തിയ എടത്വ-തകഴി സംസ്ഥാന പാതയിലും എടത്വ-കളങ്ങര-മാമ്പുഴക്കരി റോഡില്‍ എടത്വ-വെട്ടുതോട് പാലത്തിന് സമീപവുമാണ് കുഴിയെടുപ്പും പൈപ്പ് സ്ഥാപിക്കലും നടക്കുന്നത്. കോഴിമുക്ക്, മരിയാപുരം ജങ്ഷനുകളിലായി നിരവധി സ്ഥലങ്ങളിലാണ് ജെസിബി ഉപയോഗിച്ച് കുഴിയെടുപ്പ് തുടങ്ങിയിരിക്കുന്നത്.
ടാറിങ്ങ് കഴിഞ്ഞ് ഒരുമാസം പിന്നിടും മുമ്പ് റോഡ് വീണ്ടും കുത്തിപൊളിക്കുന്നതില്‍ യാത്രക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
എടത്വാ സെന്റ് ജോര്‍ജ് ഫെറോന പള്ളി തിരുനാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജല അഥോറിറ്റിയുടെ ഈ പ്രവര്‍ത്തനം പള്ളി അധികാരികളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. എടത്വ-വെട്ടുതോട് പാലത്തിന് സമീപം റോഡിന്റെ പകുതിയിലധികം ഭാഗവും വെട്ടിപൊളിച്ച നിലയിലാണ്.
വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്ത വിധത്തിലാണ്. റോഡിന്റെ കിഴക്ക്ഭാഗം ഇടിഞ്ഞുതാണു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന മാമ്പുഴക്കരി-കളങ്ങര-എടത്വാ റോഡിനാണ് ഈ ദുര്‍ഗതി. ഇതുവഴിയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിര്‍ത്തലാക്കീട്ട് ഒരു വര്‍ഷത്തോളമാവുന്നു. കൊടിയേറ്റിന് മുമ്പ് കുഴിമൂടി ബസ് സര്‍വ്വീസ് ആരംഭിക്കുമോ എന്നറിയാന്‍ എഡിഎം വിളിച്ചുകൂട്ടിയ യോഗം പിഡബ്യുഡി ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിച്ചിരുന്നു.
ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതി തുടങ്ങിയതോടെ കുട്ടനാട്ടിലെ ഒട്ടുമിക്ക റോഡുകളും സഞ്ചാര യോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്. ജനപ്രതിനിധികളും ഇതിനെതിരെ പ്രതികരിക്കുകയോ, പ്രതിഷേധിക്കുകയോ ചെയ്യുന്നില്ലന്ന് വ്യാപക പരാതിയുണ്ട്.
Next Story

RELATED STORIES

Share it