Kottayam Local

ടാര്‍ മിക്‌സിങ് യൂനിറ്റിനെതിരേ നടത്തിയ ബഹുജന മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

തലയോലപ്പറമ്പ്: വെള്ളൂര്‍ പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ ആരംഭിച്ച ടാര്‍ മിക്‌സിങ് യൂനിറ്റിനെതിരേ നടത്തിയ ബഹുജന മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന സമരത്തില്‍ ജീവിതത്തിന് വിലങ്ങുതടിയാകുന്ന ടാര്‍ മിക്‌സിങ് യൂനിറ്റ് അടച്ചുപൂട്ടണമെന്ന  ആവശ്യം ശക്തമായി. വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡില്‍ പുതിയ റോഡിനു സമീപം ക്വാളിറ്റി ബ്രിക്‌സിന്റെ അനുബന്ധമായി ആരംഭിച്ച ടാര്‍ മിക്‌സിങ് യൂനിറ്റാണ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നത്.
മെറ്റലും ടാറും ഉരുക്കിയെടുത്ത് ടാറിങിന് ഉപയോഗിക്കുന്ന വസ്തുവാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന വായു-ശബ്ദ മലീനീകരണം സമീപവാസികള്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനുവേണ്ട അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്ന സ്ഥലമോ അതിലെ ഉല്‍പന്നം ഉപയോഗിച്ചുള്ള ഏതെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലമോ അല്ല വെള്ളൂര്‍. മറ്റെവിടെ നിന്നെങ്കിലും അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവന്ന് ഉല്‍പന്നമുണ്ടാക്കി മറ്റുസ്ഥലങ്ങളിലെ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. യൂനിറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം നടത്തുന്നതോടെയുണ്ടാകുന്ന  അന്തരീക്ഷ മലിനീകരണം നാടിനെ നാശത്തിലേക്കു നയിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. അനധികൃതമായി പാടം നികത്തിയെടുത്ത താഴ്ന്ന പ്രദേശത്താണ് മിക്‌സിങ് യൂനിറ്റ് ആരംഭിച്ചിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ജനങ്ങള്‍ അധിവസിക്കുന്നതാകട്ടെ ഉയര്‍ന്ന പ്രദേശത്തും. അതുകൊണ്ട് തന്നെ പുകക്കുഴല്‍ വെച്ചാലും ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന മലിനീകരണത്തിന്റെ തോത് കുറയുകയില്ല. സാധാരണഗതിയില്‍ ഇത്തരം മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ കാറ്റിന്റെ ഗതി, ജനവാസ മേഖല എന്നിവ പരിഗണിച്ച് അതിന്റെ ആഘാതം വിലയിരുത്തിയും മറ്റുമാണ് അനുവാദം നല്‍കാറുള്ളത്. എന്നാല്‍ ഇവിടെ ഇത്തരം നിയമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. ടാര്‍ മിക്‌സിങ് യൂനിറ്റിനെതിരായ ബഹുജന പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ജനകീയ മാര്‍ച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ശ്രീശങ്കര്‍ ഉദ്ഘാടനം ചെയ്തു.
വെള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ കെ മോഹനന്‍ അധ്യക്ഷത വഹിച്ചു.സമരസമിതി നേതക്കളായ ടി എം ഷെരീഫ്, പി ജി ബിജുകുമാര്‍, ടി എം വേണുഗോപാല്‍, പാര്‍ത്ഥന്‍, ചന്ദ്രന്‍ കോതോട്ടത്തില്‍, ജെയിംസ്, ജോമോള്‍ മഹിളാമണി  സംസാരിച്ചു.
Next Story

RELATED STORIES

Share it