kannur local

ടാര്‍ മിക്‌സിങ് യൂനിറ്റ് സ്ഥാപിക്കുന്നതിന് എതിരേ പ്രതിഷേധം

പാനൂര്‍: നവോദയക്കുന്നില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ടാര്‍ മിക്‌സിങ് യൂനിറ്റിനെതിരേ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. യൂനിറ്റ് യാഥാര്‍ഥ്യമായാല്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടി കാട്ടിയാണ് പ്രദേശവാസികള്‍ സമര രംഗത്തിറങ്ങിയത്.
മെക്കാഡം ടാറിങിനായി ടാറും ബിറ്റുമിന്‍ എന്ന വസ്തുവും കരിങ്കല്‍ ഗ്രാവലും ചേര്‍ത്ത് തിളപ്പിച്ച് മിശ്രിതമാക്കുന്ന യൂനിറ്റാണ് ആരംഭിക്കുന്നത്.ബിറ്റുമിന്‍ തിളക്കുമ്പോള്‍ വിഷവാതകം പുറത്തേക്കു വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ സമര രംഗത്തിറങ്ങിയത്. നവോദയ കുന്നിന് താഴ്‌വരയിലുള്ള ചെണ്ടയാട് ഭാഗത്തെ താമസക്കാരാണ് ഒത്തുചേര്‍ന്ന് കര്‍മസമിതിക്ക് രൂപം നല്‍കിയത്. മാരകമായ കാന്‍സറിന് തന്നെ കാരണമാവുന്നതാണ് ഈ വിഷ പുകയെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിഷ പുകയ്ക്കു പുറമെ ഏക്കറുകളോളം സ്ഥലത്ത് ശേഖരിക്കുന്ന കരിങ്കല്‍ നുറുക്കുകളില്‍ നിന്നു പൊടിപടലങ്ങള്‍ പടരുമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് പ്രദേശത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം ചര്‍മ രോഗത്തിന് കാരണമാക്കുകയും ചെയ്യും.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം പ്ലാന്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നവോദയ കുന്നില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ താമസിച്ചു പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ചെണ്ടയാട് മഹാത്മ ഗാന്ധി കോളേജിലെ വിദ്യാര്‍ഥികളുടെയും ആരോഗ്യത്തിന് തന്നെ പ്ലാന്റ് ഭീഷണിയാവുമെന്നും സമരക്കാര്‍ പറയുന്നു. ശാന്തിഗിരി ആശ്രമവും ഇതോട് ചേര്‍ന്ന് തന്നെയാണുള്ളത്. പ്രദേശവാസികളെ വെല്ലുവിളിച്ച് യൂനിറ്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. ഇതിനായി ആക്്ഷന്‍ കമ്മിറ്റിക്കും നാട്ടുകാര്‍ രൂപം നല്‍കി.
കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി വി എ ജലീല്‍ ചെയര്‍മാനായും ഗ്രാമപ്പഞ്ചായത്തംഗം വി ഭാസ്‌കരന്‍ കണ്‍വീനറും ടി സി ബാലന്‍ ഖജാഞ്ചിയുമായി കമ്മിറ്റിക്കാണ് രൂപം നല്‍കിയത്. ചെണ്ടയാട് ഗുരുദേവ സ്മാരകം യുപി സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ പി രാമചന്ദ്രന്‍, കെ പി ജയപ്രകാശ്, അഡ്വ. വി അനില്‍കുമാര്‍, പി പി കുമാരന്‍, കെ പി സഞ്ജീവ് കുമാര്‍ സംസാരിച്ചു.





Next Story

RELATED STORIES

Share it