ernakulam local

ടാര്‍ ചെയ്ത റോഡ് ആഴ്ചകള്‍ക്കകം തകര്‍ന്നതായി പരാതി

പെരുമ്പാവൂര്‍: പുതുതായി ടാര്‍ ചെയ്ത റോഡ് നിര്‍മാണത്തിലെ അപാകത മൂലം ആഴ്ചകള്‍ക്കകം തകര്‍ന്നതായി പരാതി. കൂവപ്പടി-ഒക്കല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൈലാച്ചാല്‍-ഈസ്റ്റ് ഒക്കല്‍ റോഡാണ് തകര്‍ന്നത്.
പൊതുമാരാമത്ത് വിഭാഗത്തിന്റെ കീഴിലുള്ള റോഡ് 95 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. രണ്ടു ദിവസം പെയ്ത ചെറിയ മഴയില്‍ റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഗുണനിലവാരമില്ലാത്ത ടാറും മെറ്റലും ഉപയോഗിച്ചും കണക്കനുസരിച്ചുള്ള അസംസ്‌കൃത വസ്തുക്കള്‍ ചേര്‍ക്കാതെയുമാണ് റോഡ് നിര്‍മിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതില്‍ പ്രതിഷേധിച്ച് നിര്‍മാണ സമയത്ത് നാട്ടുകാര്‍ പണി തടസപ്പെടുത്തിയിരുന്നു. ഏകദേശം രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മാണത്തിന് അനുവധിച്ച തുക തികയില്ലെന്ന് പറഞ്ഞ് കോണ്‍ട്രാക്ടറും ഉദ്യോഗസ്ഥരും സമീപത്തെ സ്ഥാപനങ്ങളില്‍നിന്നും പണം പിരച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു.
പണി പൂര്‍ത്തീകരിച്ച റോഡ് ഉദ്യോഗസ്ഥര്‍ അളക്കാന്‍ എത്തിയത് രാത്രിയിലാണെന്നും ആക്ഷേപമുണ്ട്. നാട്ടുകാര്‍ ജില്ലാ കലക്ടര്‍, വിജിലന്‍സ്, പൊതുമരാമത്ത് റോഡ് വിഭാഗം എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it