palakkad local

ടാബ്‌ലറ്റ് മുഖേനയുള്ള പഠന സമ്പ്രദായം അടുത്ത അധ്യയന വര്‍ഷം മുതല്‍

പട്ടാമ്പി: പ്രീ പ്രൈമറി മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പാഠപുസ്തകങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ടാബ്‌ലറ്റ് മുഖേനയുള്ള പഠന സമ്പ്രദായം അടുത്ത അധ്യയന വര്‍ഷം മുതല്‍ പട്ടാമ്പി എം ഇ എസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടപ്പിലാക്കുമെന്ന് എം ഇ എസ് സ്‌കൂള്‍ ഭാരവാഹികള്‍ പറഞ്ഞു. നാലു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ ടാബ്‌ലറ്റ് സമ്പ്രദായം നടപ്പാക്കുന്നതോടെ ഇന്ത്യയിലെ പ്രഥമ പാഠപുസ്ത വിമുക്ത സ്‌കൂളായി മാറുകയാണ് എം ഇ എസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംരംഭത്തിന്റെ ഉദ്ഘാടനം നാളെ കാലത്ത് 10 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, എം എല്‍ എ മാരായ സി പി മുഹമ്മദ്, വി ടി ബലറാം, ഷാഫി പറമ്പില്‍, എന്‍ ഷംസുദ്ദീന്‍, എം ഹംസ തുടങ്ങിയവര്‍ പങ്കെടുക്കും. ലൈവ് എം ബഡ്ഡഡ് എജ്യുക്കേഷണല്‍ ടാബ്‌ലറ്റ് ഉപയോഗിച്ചാണ് സ്‌കൂളില്‍ പദ്ധതി നടപ്പാക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനം ആവശ്യമില്ലാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അസൈന്‍മെന്റുകളും ഹോം വര്‍ക്കുകളുമടക്കം എല്ലാ പഠന സാമഗ്രികളും ടാബ് ലറ്റില്‍ ലഭ്യമാകും. പഠനനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടിയുടെ പഠന നിലവാരം, പഠനസമയം തുടങ്ങിയവ നിരീക്ഷിക്കുന്നതിനും ടാബ്‌ലെറ്റില്‍ സംവിധാനമുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷാ നിഘണ്ടുകളും സി ബി എസ് ഇ ചോദ്യാവലിയുടെ വിപുലമായ ശേഖരവും ടാബ്‌ലറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികളുടെ പഠനം, ശ്രദ്ധ, ഓര്‍മശക്തി തുടങ്ങിയ എല്ലാ ഘടകങ്ങളും കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും രസകരമാക്കാനും ടാബ് ലറ്റ് പഠനസമ്പ്രദായം സഹായിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ എംഇഎസ് സ്‌കൂള്‍ സെക്രട്ടറി കെഎസ്ബിഎ തങ്ങള്‍, ചെയര്‍മാന്‍ ഡോ. കെ പി അബൂബക്കര്‍, പ്രിന്‍സിപ്പാള്‍ ആശാ ബൈജു, ജോബിന്‍ സെബാസ്റ്റ്യന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it