ടാപിയുടെ പ്രതീക്ഷയും ആശങ്കയും

എന്‍ പി ആസിഫ്

തുര്‍ക്‌മെനിസ്താനില്‍ നിന്ന് അഫ്ഗാന്‍ കടന്ന് പാകിസ്താനിലൂടെ പൈപ്പ്‌ലൈന്‍ വഴി ഇന്ത്യയിലേക്കു വാതകം എത്തിക്കാനുള്ള ടാപി പദ്ധതി മേഖലയുടെ മുഖച്ഛായ മാറ്റുന്ന ഒന്നായിരിക്കും. തുര്‍ക്‌മെനിസ്താന്‍ തലസ്ഥാനമായ അഷ്ഗാബട്ടില്‍ നിന്നു 300 കിലോമീറ്റര്‍ വടക്കുകിഴക്ക് മരുഭൂമിയില്‍ ഖനനം ചെയ്‌തെടുക്കുന്ന വാതകം 1841 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് ഇന്ത്യയിലെത്തിക്കുന്നതാണ് പദ്ധതി. തുര്‍ക്‌മെനിസ്താന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്തിട്ടതാണ് ടാപി എന്ന പേര്. 1000 കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ടാപി പദ്ധതി പ്രകാരം വാതകം ഇന്ത്യയില്‍ എത്തുന്നതിനു മുമ്പ് പിന്നിടുന്ന വഴികളാണ് ആശങ്കയ്ക്ക് നിദാനം.
ലോകത്ത് വാതക സംഭരണി കൂടുതലുള്ള നാലാമത്തെ രാജ്യമായ തുര്‍ക്‌മെനിസ്താന്റെ പ്രധാന ഉപഭോക്താവാണ് ഏഷ്യയിലെ മൂന്നാം സാമ്പത്തിക ശക്തിയായ ഇന്ത്യ. മേഖലയില്‍ ചൈനയ്ക്ക് ബദലാവാന്‍ വെമ്പല്‍കൊള്ളുന്ന ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക പുരോഗതിക്ക് ഏറെ ഗുണം ചെയ്യുന്ന വഴി കൂടിയാണിത്. കാരണം, പൈപ്പ്‌ലൈന്‍ വാതകം കടത്താന്‍ മാത്രമല്ല, മത-രാഷ്ട്രീയകാരണങ്ങളാല്‍ കലഹിച്ചുനില്‍ക്കുന്ന മേഖലയിലെ പ്രധാന രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താന്‍ സഹായിക്കുന്നതു കൂടിയാണ്.
ഇറാനില്‍ നിന്നു പാകിസ്താന്‍ വഴി വാതകം ഇറക്കുന്ന ഐപിഐ പദ്ധതി ഇന്ത്യ പാടേ ഉപേക്ഷിച്ചിട്ടില്ല. പാകിസ്താനെന്ന കടമ്പ കടന്ന് ഇന്ത്യയിലേക്ക് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് പ്രയാസമാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അറബിക്കടലിലൂടെയും ഒമാന്‍ വഴിയും ബദല്‍ പാതകള്‍ പരിഗണനയിലാണ്. സുരക്ഷാകാര്യങ്ങള്‍ക്കപ്പുറത്ത് അമേരിക്കന്‍ സമ്മര്‍ദ്ദമാണ് ഈ പദ്ധതി നടപ്പാക്കുന്നതിന് ഇന്ത്യക്കു മുന്നിലുള്ള പ്രധാന തടസ്സം. ഇറാന്‍ ആണവപദ്ധതിയുടെ കാര്യത്തില്‍ വന്‍ശക്തിരാഷ്ട്രങ്ങളുമായുള്ള ചര്‍ച്ചയില്‍ ഏറക്കുറേ ധാരണയിലെത്തിയ സാഹചര്യത്തില്‍ ഇറാനുമായുള്ള പദ്ധതി ഇന്ത്യ പൊടിതട്ടിയെടുക്കാനുള്ള സാധ്യതയും കുറവല്ല.
ഇന്ത്യയുടെ അമാന്തം കണ്ട് പാകിസ്താന്‍ സ്വന്തമായ വഴി തേടുന്നതിനിടെയാണ് ടാപി പദ്ധതിയുടെ നടപടികള്‍ക്ക് വേഗം കൂടിയത്. ടാപിയുടെ നിലവിലെ പാത സങ്കീര്‍ണമായതിനാല്‍ മൂന്നാമതൊരു രാജ്യത്തേക്കു വാതകം എത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പറ്റുന്ന സാധ്യതയും ആരായുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇറാനുമായുള്ള പൈപ്പ്‌ലൈന്‍ പദ്ധതി കൂടി യാഥാര്‍ഥ്യമായാല്‍ ഇന്ത്യക്ക് ഏറെ ഉപകാരപ്രദമാവുകയും രാജ്യത്ത് വികസനക്കുതിപ്പിനു കളമൊരുങ്ങുകയും ചെയ്യുമെന്നതില്‍ രണ്ടഭിപ്രായമില്ല.
തുര്‍ക്‌മെനിസ്താന്റെ വാതകം ഇറക്കുന്നത് വന്‍തോതില്‍ വെട്ടിക്കുറച്ച റഷ്യന്‍ കമ്പനി ഗ്യാസ്‌പ്രോമിന്റെ നടപടി മൂലമുണ്ടായ കടുത്ത ക്ഷീണം മാറാന്‍ പോംവഴി തേടുകയായിരുന്നു ആ രാജ്യം. നിലവില്‍ ചൈനയാണ് തുര്‍ക്‌മെനിസ്താനിലെ പ്രധാന നിക്ഷേപകര്‍. പുതിയ ആവശ്യക്കാരെ തേടുന്ന വേളയിലാണ് ഇന്ത്യയും പാകിസ്താനും അഫ്ഗാനും ഒരുമിച്ച് അഷ്ഗാബട്ടിലേക്ക് എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി അനങ്ങാതെ കിടന്ന ടാപിക്ക് ഇളക്കമുണ്ടാക്കാന്‍ സാധിച്ചെങ്കിലും ഇതൊരു വന്‍ വിജയമായി കാണാനായിട്ടില്ല. നാലു രാജ്യങ്ങളിലെയും രാഷ്ട്രീയനേതാക്കളുടെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണം.
തുര്‍ക്‌മെനിസ്താനിലെ ഗാല്‍കിനിഷ് വാതകപ്പാടത്തുനിന്ന് ആരംഭിക്കുന്ന പൈപ്പ്‌ലൈന്‍ അഫ്ഗാനിലെ ഹെറാത്, കാന്തഹാര്‍ കടന്ന് പാകിസ്താന്‍ നഗരമായ ക്വറ്റ, മുല്‍ത്താന്‍ എന്നിവ പിന്നിട്ട് വേണം പഞ്ചാബിലെ ഫാസില്‍ക്കയിലെത്താന്‍. പ്രതിദിനം 90 ദശലക്ഷം മെട്രിക് നിലവാരത്തിലുള്ള ക്യൂബിക് മീറ്റര്‍ വാതകമാണ് പൈപ്പ്‌ലൈന്‍ വഴി നല്‍കുക. ഇതില്‍ ഇന്ത്യയും പാകിസ്താനും 42 ശതമാനം വീതമെടുക്കും; ബാക്കി അഫ്ഗാനും.
പൈപ്പ്‌ലൈനിന് അഫ്ഗാനില്‍ സുരക്ഷിത പാതയൊരുക്കുക എന്നത് ഏറെ വിഷമകരമാണ്. അഫ്ഗാന്‍ ഭരണകൂടത്തിനു യാതൊരു സ്വാധീനവുമില്ലാത്ത പ്രദേശങ്ങളിലൂടെ ഏറെ ദൂരം പൈപ്പ്‌ലൈന്‍ കടന്നുപോവേണ്ടതുണ്ട്. അഫ്ഗാന്‍ പോരാളികളുടെ സഹകരണമില്ലാതെ ഈ മേഖലയിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുക ശ്രമകരമാണ്. പാകിസ്താനിലെ സ്ഥിതിയും മറിച്ചല്ല. ക്വറ്റയും മുല്‍ത്താനും ദിനേന സ്‌ഫോടനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളാണ്.
പദ്ധതിയെ പുതിയ പട്ടുപാതയെന്നു വിശേഷിപ്പിച്ച അശ്‌റഫ് ഗനി ടാപി നടപ്പായാല്‍ മേഖലയില്‍ അഫ്ഗാന്റെ പ്രാധാന്യം വര്‍ധിക്കുമെന്നും ഭാവിതലമുറയ്ക്ക് പ്രയോജനപ്രദമാകുമെന്നുമാണ് പ്രതികരിച്ചത്. ടാപി വരുന്നതോടെ രാജ്യത്തേക്കു കൂടുതല്‍ നിക്ഷേപം ഒഴുകുമെന്നും തരിപ്പണമായ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരതയിലെത്തിക്കാന്‍ സാധിക്കുമെന്നും അഫ്ഗാന്‍ ഭരണകൂടം കണക്കുകൂട്ടുന്നു.
സുരക്ഷാതടസ്സങ്ങള്‍ക്കു പുറമേ സാമ്പത്തികവും പദ്ധതിക്കു വിലങ്ങുതടിയാണ്. ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) ടാപിയുടെ സാധ്യതാപഠനം നടത്തിയിരുന്നു. ലാഭകരമെന്നുകണ്ട് മൊബില്‍, ഷെവ്‌റോണ്‍, ടോട്ടല്‍ എസ്എ, എക്‌സോണ്‍ തുടങ്ങി നിരവധി വന്‍കിട കമ്പനികള്‍ നടത്തിപ്പിനു താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ വാതകപ്പാടങ്ങളില്‍ വിദേശ കമ്പനികളെ നിക്ഷേപമിറക്കാന്‍ അനുവദിക്കില്ലെന്ന തുര്‍ക്‌മെനിസ്താന്റെ കര്‍ശന നിലപാട് മൂലം ഇവയെല്ലാം പിന്തിരിഞ്ഞു.
അഫ്ഗാന്‍ ഗ്യാസ് എന്റര്‍പ്രൈസസ്, പാകിസ്താന്റെ ഇന്റര്‍ സ്റ്റേറ്റ് ഗ്യാസ് സിസ്റ്റം, ഇന്ത്യയുടെ ഗെയില്‍ എന്നിവ ഉള്‍പ്പെടുന്ന നിലവിലെ കണ്‍സോര്‍ഷ്യത്തിനു തുര്‍ക്‌മെനിസ്താന്റെ തുര്‍ക്‌മെന്‍ ഗ്യാസാണ് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍, യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും വലിയ വാതകക്കുഴല്‍ പദ്ധതിയാവുന്ന ടാപിക്കു വേണ്ടി മതിയായ പണം കണ്ടെത്താന്‍ സ്വന്തമായ ഫണ്ടില്ലാത്ത ഈ കമ്പനികള്‍ക്കൊന്നും സാധ്യമല്ല. യുഎഇയുടെ ഡ്രാഗണ്‍ ഓയില്‍ മുഖ്യപങ്കാളിയാവുമെന്നു റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
തുര്‍ക്‌മെനിസ്താന്‍ അവരുടെ അതിര്‍ത്തി വരെ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചേക്കാം. പക്ഷേ, അഫ്ഗാനിലും പാകിസ്താനിലും ചെലവു വരുന്ന വന്‍തുക ആര് ചെലവഴിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ടാപി പൈപ്പ്‌ലൈന്‍ യാഥാര്‍ഥ്യമായാല്‍ മേഖലയുടെ ശക്തി പൂര്‍ണതയിലെത്തിക്കാന്‍ സഹായകമാവുമെന്നതില്‍ തര്‍ക്കമില്ല. നൂറ്റാണ്ടുകള്‍ നീണ്ട നാഗരികതകളുടെ പ്രയാണത്തിനു വഴിയൊരുക്കിയ തുര്‍ക്‌മെനിസ്താനില്‍ നിന്നുതന്നെ പുതിയ പാതയ്ക്കു തുടക്കമിടുന്നുവെന്നതും ചരിത്രനിയോഗമാവാം. സുരക്ഷാപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ ഭിന്നതകള്‍ എന്നിവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ പദ്ധതി സ്വപ്‌നമോ യാഥാര്‍ഥ്യമോ എന്നറിയുന്നതിന് അടുത്ത നാലു വര്‍ഷം നിര്‍ണായകമാണ്. $
Next Story

RELATED STORIES

Share it