ടാന്‍സാനിയയിലെ തേന്‍കുടിയന്‍മാര്‍ക്ക് പ്രമേഹമില്ല; എന്തുകൊണ്ട് ?

ടാന്‍സാനിയ: നിത്യവും ഭക്ഷണത്തില്‍ തേന്‍ പ്രധാന വിഭവമായി ഉപയോഗിക്കുന്ന ടാന്‍സാനിയയിലെ ഗോത്ര വിഭാഗക്കാര്‍ക്ക് പ്രമേഹമോ പൊണ്ണത്തടിയോ മറ്റ് അനുബന്ധ രോഗങ്ങളോ ഉണ്ടാവുന്നില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ടാന്‍സാനിയന്‍ കാടുകളില്‍ വേട്ടയാടി ജീവിക്കുന്ന ഹഡ്‌സ ഗോത്രത്തിലെ അംഗങ്ങള്‍ക്ക് തേന്‍ പ്രധാന ഭക്ഷ്യവിഭവമാണ്. നിത്യജീവിതത്തില്‍ ആവശ്യമായ കലോറിയുടെ 15 ശതമാനവും തേനില്‍ നിന്നാണു ലഭിക്കുന്നത്. എന്നിട്ടും അവര്‍ക്ക് പ്രമേഹം ബാധിക്കുന്നില്ല എന്നുമാത്രമല്ല കൂടുതല്‍ കാലം ജീവിക്കുന്നുമുണ്ട്.
ഭക്ഷണത്തില്‍ അഞ്ചു ശതമാനത്തിലധികം പഞ്ചസാര ഉപയോഗിക്കുകയാണെങ്കില്‍ ബ്രിട്ടനിലെ ജനതയില്‍ പകര്‍ച്ചവ്യാധിക്കു തുല്യമായി പ്രമേഹം വ്യാപിക്കുമെന്നാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്. ടാന്‍സാനിയയിലേതു പോലെ ഭക്ഷണത്തില്‍ 15 ശതമാനം മധുരം ഉപയോഗിക്കുകയാണെങ്കില്‍ ലോകത്ത് ടൈപ്പ് 2 പ്രമേഹബാധിതരുടെ എണ്ണം ഏറെ ഉയരും. വലിയ അളവില്‍ ഫ്രൂക്ടോസും ഗ്ലൂക്കോസുമുള്ള തേനിലും സുക്രോസ് ധാരാളമുള്ള പഞ്ചസാരയിലും കലോറിയുടെ അളവു തുല്യമാണ്. പക്ഷേ, വിറ്റാമിനുകളും ഓര്‍ഗാനിക് ആസിഡുകളുമുള്‍പ്പടെ 150 ഘടകങ്ങള്‍ അടങ്ങിയ തേന്‍ പോഷക ഘടകങ്ങളുടെ കാര്യത്തില്‍ പഞ്ചസാരയേക്കാള്‍ എത്രയോ മുന്നിലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. തേനിന്റെ ഈ ഗുണങ്ങളും ശരീരമനങ്ങി അധ്വാനിക്കുന്ന ആദിവാസികളുടെ ജീവിതരീതിയുമാവാം തേന്‍കുടിയന്‍മാരായിട്ടും അവരെ പ്രമേഹത്തില്‍ നിന്നു രക്ഷിക്കുന്നതെന്നും ചില ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
Next Story

RELATED STORIES

Share it