ടാഗൂറും അധ്യാപികയും തമ്മിലുള്ള ബന്ധം പ്രമേയമായ സിനിമ; ചിത്രീകരണത്തിന് വിശ്വഭാരതിയില്‍ വിലക്ക്

കൊല്‍ക്കത്ത: ടാഗൂറിനെപ്പറ്റിയുള്ള സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് വിശ്വഭാരതി സര്‍വകലാശാല. കൗമാരപ്രായക്കാരനായ ടാഗൂറും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന അന്നപൂര്‍ണ തുര്‍ഘഡും തമ്മിലുള്ള ബന്ധം പ്രമേയമായ നളിനി എന്ന സിനിമയുടെ ചിത്രീകരണമാണ് ടാഗൂര്‍ തന്നെ സ്ഥാപിച്ച സര്‍വകലാശാല തടഞ്ഞത്.
ആയിരങ്ങളുടെ മനസ്സ് മുറിവേല്‍പ്പിക്കുമെന്നതിനാല്‍ ചിത്രീകരണത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സബൂജ് കോലി സെന്‍ പറഞ്ഞത്. ഇതൊരു വിദ്യാഭ്യാസ സ്ഥാപനമാണ്. വാണിജ്യ സിനിമകള്‍ ചിത്രീകരിച്ച് ഇവിടത്തെ അന്തരീക്ഷം നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു സിനിമയ്ക്കും ചിത്രീകരണാനുമതി സര്‍വകലാശാലയില്‍ നല്‍കില്ലെന്നും സെന്‍ കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അതേസമയം, ഗവേഷണങ്ങള്‍ക്കു ശേഷം തയ്യാറാക്കിയതാണ് സിനിമയുടെ തിരക്കഥയെന്നു സംവിധായകന്‍ ഉജ്ജ്വല്‍ ചാറ്റര്‍ജി പ്രതികരിച്ചു. അച്ഛന്റെ ആഗ്രഹപ്രകാരം ഇംഗ്ലണ്ടിലേക്ക് നിയമം പഠിക്കാന്‍ പോവുന്നതിനു മുമ്പായാണ് 1878ല്‍ ടാഗൂര്‍ അന്നപൂര്‍ണയ്‌ക്കൊപ്പം കഴിയുന്നത്. ഇവരുടെ നിര്‍ബന്ധപ്രകാരം ടാഗൂറാണ് കാമുകിക്ക് നളിനി എന്ന പേരിട്ടത്. ടാഗൂറിന് 17ഉം നളിനിക്ക് 20ഉം വയസ്സായിരുന്നു. പഠനം പൂര്‍ത്തിയാക്കാതെ ടാഗൂര്‍ തിരിച്ചെത്തുമ്പോഴേക്കും ഒരു സ്‌കോട്ടിഷുകാരനെ വിവാഹം ചെയ്ത് നളിനി ഇംഗ്ലണ്ടിലേക്ക് പോയിരുന്നു.
ബംഗാളി-മറാത്തി ദ്വിഭാഷ ചിത്രമായാണ് നളിനി ഒരുക്കുന്നത്. ഹിന്ദിയിലേക്കും ചിത്രം മൊഴിമാറ്റം നടത്തും. ടാഗൂര്‍ ആയി സാഹിബ് ചാറ്റര്‍ജിയും നളിനിയായി മറാത്തി നടി വൈദേഹി പരശുരാമിയുമാണ് അഭിനയിക്കുന്നത്. ഋതുപര്‍ണഘോഷിന്റെ ജീവന്‍ സ്മൃതി എന്ന ടാഗൂറിന്റെ ജീവചരിത്ര ഡോക്യുഫിക്ഷനിലും ഈ പ്രണയം ചിത്രീകരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് അധികൃതര്‍ പരിശോധിച്ചപ്പോള്‍ അന്നപൂര്‍ണ ടാഗൂറിനെ കവിളില്‍ ചുംബിക്കുന്ന രംഗം വെട്ടിമാറ്റണമെന്നു സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംവിധായകന്‍ അംഗീകരിക്കുകയും ചെയ്തു.
ഇപ്പോഴത്തെ നടപടിക്കെതിരേ കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തെ സമീപിക്കാനുള്ള നീക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞവര്‍ഷം മുന്‍ ഓഫിഷ്യേറ്റിങ് വിസി സ്വപന്‍ കുമാര്‍ ദത്ത സര്‍വകലാശാലയില്‍ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നതായി സംവിധായകന്‍ പറഞ്ഞു. 1901ലാണ് ടാഗൂര്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശാന്തിനികേതനില്‍ വിശ്വഭാരതി സ്ഥാപിക്കുന്നത്. 1921ല്‍ ഇത് സര്‍വകലാശാലയായി.
Next Story

RELATED STORIES

Share it