ernakulam local

ടാക്‌സി ഡ്രൈവര്‍മാരുടെ വയറ്റത്തടിച്ച് റെയില്‍വേയുടെ കോര്‍പറേറ്റ്‌വല്‍കരണം

ആലുവ: റെയില്‍വേ സ്‌റ്റേഷനുകളിലെ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരുടെ വയറ്റത്തടിച്ച് റെയില്‍വേയുടെ കോര്‍പറേറ്റ്‌വല്‍കരണം. റെയില്‍വേ സ്‌റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സ്റ്റാന്റും കിയോസ്‌കും അനുവദിച്ചാണ് റെയില്‍വേ സ്‌റ്റേഷനുകളിലെ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാരെ റെയില്‍വേ ദുരിതത്തിലാക്കുന്നത്.
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് റെയില്‍വേ അധികൃതര്‍ സ്റ്റാന്റ് അനുവദിക്കാന്‍ നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് ബിഎംഎസ് ഉള്‍പ്പെടെയുള്ള ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകള്‍ സമരം ആരംഭിച്ചിരിക്കെയാണ് ഇന്നലെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ താല്‍ക്കാലിക കിയോസ്‌കുമായി ഓണ്‍ലൈന്‍ ടാക്‌സികളുടെ പ്രതിനിധികളെത്തിയത്.
ഇത് റെയില്‍വേ സ്‌റ്റേഷനില്‍ പരമ്പരാഗത ഡ്രൈവര്‍മാരും ഓണ്‍ലൈന്‍ ടാക്‌സി പ്രതിനിധികളും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ടുമെത്തിയാണ് രംഗം ശാന്തമാക്കിയത്.
ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ യൂബര്‍ ടാക്‌സിക്കാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ സ്റ്റാന്റ് അനുവദിച്ച് ഉത്തരവായത്. കഴിഞ്ഞ പത്തിനാണ് ഉത്തരവ് പുറത്തിറക്കിയത്. യൂബര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് 100 ചതുരശ്ര മീറ്റര്‍ സ്ഥലവും കിയോസ്‌കിന് 24 ചതുരശ്ര അടി സ്ഥലവും അനുവദിച്ചിട്ടുണ്ട്. ജിഎസ്ടി ഉള്‍പ്പെടെ 75,442 രൂപയാണ് മൂന്ന് മാസത്തേക്ക് ലൈസന്‍സ് ഫീസ്. 24 ചതുരശ്ര അടിയുള്ള കിയോസ്‌കിന് പകരം 100 അടിയിലേറെ വലിപ്പമുള്ള ഒന്നും 15 അടി വലിപ്പമുള്ള മറ്റൊരു കിയോസ്‌കും കരാറുകാര്‍ സ്ഥാപിച്ചു. കൂടുതല്‍ യാത്രക്കാരെ വേഗത്തില്‍ കിയോസ്‌കിലേക്ക് അകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതാണ് ആദ്യദിനം തന്നെ പരമ്പരാഗത ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വര്‍ഷങ്ങളായി 35 ടാക്‌സികള്‍ക്കാണ് ടാക്‌സി പെര്‍മിറ്റുള്ളത്.
ആറ് മാസം കൂടുമ്പോള്‍ ജിഎസ്ടി ഉള്‍പ്പെടെ 2,900 രൂപ വീതം പെര്‍മിറ്റ് ഫീസ് അടക്കണം. 35 വാഹനങ്ങളുണ്ടെങ്കിലും 17 വാഹനങ്ങള്‍ക്കേ ഒരേ സമയം പാര്‍ക്കിങ് സൗകര്യമുള്ളൂ. ഇതിനിടയിലാണ് സ്‌റ്റേഷന്റെ പ്രവേശന കവാടത്തില്‍ യൂബര്‍ ടാക്‌സിക്കും സ്ഥലം അനുവദിച്ചത്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ സമാനമായ കൗണ്ടര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരമ്പരാഗത ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങി. സൗത്ത് സ്‌റ്റേഷനില്‍ ഒലേയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇവരും എത്തിയിട്ടില്ല.
Next Story

RELATED STORIES

Share it