kasaragod local

ടവറുകളേക്കാള്‍ ഹാനികരം മൊബൈല്‍ ഫോണ്‍

കാസര്‍കോട്്്: മൊബൈല്‍ ഫോണ്‍ സേവനത്തിനായി സ്ഥാപിക്കുന്ന ടവറുകള്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ഒരു തരത്തിലും ഹാനികരമല്ലെന്ന് ടെലികോം വകുപ്പ് ഡയറക്ടര്‍ ടി ശ്രീനിവാസന്‍ അറിയിച്ചു. മൊബൈല്‍ ടവറുകള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടെലികോം കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമല്ലാതെ നിയമലംഘനം നടത്തി നിര്‍മിക്കുന്ന ടവറുകള്‍ക്ക് അനുമതി നല്‍കില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ടവര്‍ നിര്‍മാണം തടയാന്‍ കഴിയില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരേ സംസ്ഥാന വ്യാപകമായി കുപ്രചരണം നടക്കുകയും പരാതി വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാതലത്തില്‍ പരാതികള്‍ പരിശോധിക്കുന്നതിനുള്ള സമിതി രൂപീകരിച്ചത്. ടവറില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വികി—രണത്തേക്കാള്‍ എത്രയോ കുറവാണ്. കൂടാതെ ടവറിന് സമീപം വികിരണം വളരെ കുറവുമാണ്. 2008 ജുലൈ 23ന് നിലവില്‍ വന്ന അന്താരാഷ്ട്ര മാനദണ്ഡപ്രകാരമാണ് ഇന്ത്യയില്‍ ടവറുകള്‍ സ്ഥാപിച്ചിരുന്നത്. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശയനുസരിച്ചാണ് മാനദ—ണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്.
ശാസ്ത്രജ്ഞര്‍, എന്‍ജിനിയര്‍മാര്‍, മെഡിക്കല്‍ പ്രഫഷനലുകള്‍ എന്നിവരടങ്ങിയ സമിതിയുടെ ശുപാര്‍ശ പ്രകാരം ഇന്ത്യയില്‍ 2012ല്‍ വീണ്ടും മാനദ—ണ്ഡങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം അന്താരാഷ്ട്ര മാനദ—ണ്ഡങ്ങളെക്കാള്‍ പരിധി കുറച്ച് വീണ്ടും സുരക്ഷിതമാക്കിയിട്ടുണ്ട്. 20 മീറ്റര്‍ ചുറ്റളവില്‍ ടവറുകളും 60 മീറ്റര്‍ ചുറ്റള്ളവിലുള്ള കെട്ടിടങ്ങളും വികിരണ തോത് കണക്കാക്കുന്നതിന് പരിഗണിക്കും. പ്രധാന ലോബില്‍ നിന്നുള്ള ഇ എം ആര്‍ (ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍-വൈദ്യുത കാന്തിക വികിരണം) പരിഗണിച്ചാണിത് കണക്കാക്കുന്നത്.
മൊബൈല്‍ സേവനത്തിനുപയോഗിക്കുന്ന വികിരണത്തിന്റെ ആവൃത്തി (ഫ്രീക്വന്‍സി) ഒരു ജിഗാ ഹെര്‍ട്‌സാണ്. ഈ ആവൃത്തിയിലുള്ള വികിരണങ്ങള്‍ക്ക് തുളച്ചു കയറാനുള്ള ശേഷിയില്ല. എന്നാല്‍ പകല്‍ സമയത്തുള്ള പ്രകാശത്തില്‍ ഇന്‍ഫ്രാറെഡ്, അള്‍ട്രാ വയലറ്റ്, എക്‌സ്-റെയ്‌സ്, ഗാമാ റെയ്‌സ് എന്നിവ നൂറ് ജിഗാ ഹെര്‍ട്‌സില്‍ കൂടുതലുള്ളതാണ്. ഇതില്‍ പലതും അയോണിക വികിരണങ്ങളുമാണ്. എന്നാല്‍ മൊബൈല്‍ സേവനത്തിന് ഉപയോഗിക്കുന്നത് അയോണികമല്ലാത്ത വികിരണങ്ങളാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരു ചതുരശ്ര മീറ്ററിന് 4500 മില്ലിവാട്ട് ആണ് റേഡിയേഷന്‍ പരിധിയെങ്കില്‍ ഇന്ത്യയിലത് 450 ആണ്.
മൊബൈല്‍ ടവറില്‍ നിന്നുള്ള വികിരണം രണ്ട് മുതല്‍ 20 മില്ലിവാട്ട് വരെയാണ്. എന്നാല്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള വികിരണം (റേഡിയേഷന്‍) 20 മുതല്‍ 70 വരെയാണ്. ഗുണമേന്‍മയില്ലാത്ത ഫോണുകളുടേത് ഇതിന്റെ എത്രയോ ഇരട്ടിയാകും. ടവറില്‍ നിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ച് മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ കൂടും. 2014ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണോ ടവര്‍ നിര്‍മിക്കുന്നതെന്നാണ് ജില്ലാ ടെലികോം കമ്മിറ്റി പരിശോധിക്കുന്നത്.
ജില്ലയിലെ 18 പരാതികളാണ് സമിതി പരിശോധിച്ചത്. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകരയില്‍ ടിഇആര്‍എം സെല്‍ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും. ചെങ്കളയിലെ ടവര്‍ നിര്‍മാണം നിയമങ്ങള്‍ പാലിച്ചാണോ എന്ന് പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നിയമാനുസൃതമായി ടവര്‍ നിര്‍മിക്കുന്ന ഒമ്പത് സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ പോലിസ് സംരക്ഷണം നല്‍കും. പള്ളിക്കരയിലെ ടവര്‍ നിര്‍മാണം സംബന്ധിച്ച പരാതിയില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തി അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ ജിയോളജി ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. നിയമ ലംഘനമില്ലാത്ത സ്ഥലങ്ങളിലെ ടവര്‍ നിര്‍മാണത്തിന് ആവശ്യമെങ്കില്‍ പോലിസ് സംരക്ഷണം നല്‍കും.

Next Story

RELATED STORIES

Share it