kozhikode local

ടവര്‍ നിര്‍മാണംപണിയായുധം താഴെവീണ് മൂന്നു കുട്ടികള്‍ക്കു പരിക്ക്‌

ബേപ്പൂര്‍: ബേപ്പൂര്‍ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിന് മുകളില്‍ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനിടെ പണിയായുധം താഴെ വീണ് മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്. പുത്തന്‍വീട് നിയാസിന്റെ മകള്‍ നാഫിദ, പടിഞ്ഞാറയില്‍ ഇല്യാസിന്റെ മകള്‍ ഫാത്തിമ റനിയ, ഓകെ മന്‍സില്‍ യൂനുസ് അസ്—ലമിന്റെ മകള്‍ ഫാത്തിമ നുഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാഫിദയുടെ തലയ്‌ക്കേറ്റ പരിക്ക് സാരമുള്ളതാണ്. മറ്റു രണ്ടു കുട്ടികളുടെ നെഞ്ചത്തും തോളിലുമാണ് പണിയായുധം വീണത്. ഉച്ചഭക്ഷണത്തിനായി വിദ്യാഥിനികള്‍ കൈകഴുകുന്നതിനിടെ പണിയായുധം ആദ്യം നാഫിദയുടെ തലയിലേക്ക് വീഴുകയും പിന്നീട് തെറിച്ച് മറ്റ് രണ്ട് വിദ്യാര്‍ഥിനികളുടെ ദേഹത്ത് പതിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അധ്യാപികമാര്‍ ഉടനെതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂര്‍ അങ്ങാടിയില്‍ ജനവാസ മേഖലയിലെ ഭീമന്‍ മൊബൈല്‍ ടവറിന്റെ നിര്‍മാണ പ്രവൃത്തി പകുതിയോളം എത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാഭ്യാസ സ്ഥാപനത്തിന് തൊട്ടടുത്തുള്ള നിര്‍മാണത്തിനെതിരെ നാട്ടുകാരും വ്യാപാരികളും വിവിധ രാഷ്ട്രീയ സംഘടനകളും ഒന്നിച്ചു ചേര്‍ന്ന് കഴിഞ്ഞ മാസം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയുമായിരുന്നു. ശക്തമായ പ്രതിഷേധം കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ടവര്‍ നിര്‍മാണം കോര്‍പ്പറേഷന്റെ അനുമതി രേഖകളുമായി പോലിസ് സുരക്ഷയില്‍ ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് അപകടം സംഭവിക്കുന്നത്. ടവര്‍ നിര്‍മാണഘട്ടത്തില്‍ പണിയായുധം വീണ് പരിക്കേറ്റ സംഭവത്തില്‍ ആക്ഷന്‍ കമ്മിറ്റി അടിയന്തിരമായി പ്രതിഷേധയോഗവും ബേപ്പൂര്‍ അങ്ങാടിയില്‍ പ്രകടനവും നടത്തി. പ്രതിഷേധ യോഗത്തില്‍ ചെയര്‍മാന്‍ ബേപ്പൂര്‍ ടി ബഷീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം മമ്മദ് കോയ, പി സുഭാഷ്, ബി അബ്ദുല്ലത്തീഫ്, കെ പി ഹുസൈന്‍, പി എം ഹനീഫ, റാഫി മാസ്റ്റര്‍, ശിവദാസന്‍, വിശ്വനാഥന്‍, മനാഫ് മൂപ്പന്‍ സംസാരിച്ചു.



Next Story

RELATED STORIES

Share it