kannur local

ഞങ്ങള്‍ മോഷ്ടാക്കളല്ല; സുരക്ഷിതമായി തൊഴിലെടുക്കാന്‍ അനുവദിക്കണമെന്നു നാടോടി കൂട്ടായ്മ

കൂത്തുപറമ്പ്: ഈ നാടിനെ ജന്മനാട് പോലെ സ്‌നേഹിക്കുന്നവരാണ് നമ്മള്‍. വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്നു. ഇതുവരെ ആര്‍ക്കും ശല്യമായിട്ടില്ല. ഇപ്പോള്‍ പലരും പലതും പറയുന്നു. എന്തുചെയ്യാന്‍...ഒരു വീട്ടമ്മ ഇതു പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ഇതരസംസ്ഥാനക്കാര്‍ ഇറങ്ങിയിട്ടുണ്ടെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ പോലുമാവാത്ത അവസ്ഥയിലാണ് പലരും. പാട്യത്ത് സംഘടിച്ച ഇതരസംസ്ഥാന കുടുംബങ്ങളുടെ കൂട്ടായ്മയില്‍ ഇവര്‍ ആശങ്കകള്‍ പങ്കുവച്ചു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തി വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയ 200ഓളം കുടുംബങ്ങള്‍ ഇവിടെയുണ്ട്. വീടുകളിലും മറ്റും പോയി പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്നവരാണ് പലരും. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നതുമായ സംഭവങ്ങള്‍ ഏറുന്നതായി പ്രചരിച്ചതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില സ്ഥലങ്ങളില്‍വച്ച് തങ്ങളെ തടഞ്ഞുവച്ച് മര്‍ദിച്ചു. അസഭ്യം പറഞ്ഞ് പലരും തങ്ങളെ ഓടിക്കുകയാണെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. 40 വര്‍ഷത്തിലേറെയായി സ്ഥിരതാമസമാക്കിയ നിരവധി തമിഴ് കുടുംബങ്ങളുണ്ട് കൊട്ടയോടിയില്‍. ചിലര്‍ സ്വന്തമായി സ്ഥലമെടുത്ത് വീടുവച്ചവരാണ്. ഭൂരിഭാഗം കുടുംബങ്ങളും വാടകവീട്ടിലോ ക്വാര്‍ട്ടേഴ്‌സുകളിലോ താമസിക്കുന്നു. മിക്കവരും നന്നായി മലയാളം സംസാരിക്കും. നാട്ടുകാര്‍ക്കൊപ്പം ഇടപഴകി ജീവിക്കുന്ന ഇവരെക്കുറിച്ച് നാട്ടുകാര്‍ക്കും പ്രത്യേകിച്ച് പരാതിയൊന്നുമില്ല. അകറ്റിനിര്‍ത്താതെ സുരക്ഷിതമായി തൊഴിലെടുക്കാന്‍ അവസരമൊരുക്കണമെന്ന ലക്ഷ്യത്തോടെയാണ് പാട്യം കൊട്ടയോടിയില്‍ ഇവരുടെ കൂട്ടായ്മ കണ്‍വന്‍ഷന്‍ നടത്തിയത്. പഞ്ചായത്ത്, പോലിസ്, റവന്യൂ, വകുപ്പുകളുടെ സഹായത്തോടെ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള ശ്രമം നടത്താന്‍ തീരുമാനിച്ചു. പാട്യം പഞ്ചായത്ത് പ്രസിഡന്റിന് നിവേദനവും നല്‍കി.
Next Story

RELATED STORIES

Share it