Flash News

ഞങ്ങളെയും പറയാന്‍ അനുവദിക്കണം : ഇ അബൂബക്കര്‍



ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അതിന് മറുപടി പറയാനും തങ്ങളുടെ ഭാഗം വിശദീകരിക്കാനും അവസരം ലഭിക്കേണ്ടതുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍. ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ഞങ്ങള്‍ക്കും പറയാനുണ്ട് കാംപയിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച  മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി, എന്‍ഐഎ, എന്‍എസ്എ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം, അതിനു ശേഷം മാത്രമേ നിങ്ങള്‍ എന്തും ചെയ്യാന്‍ പാടുള്ളൂ എന്നതാണ് ഞങ്ങളുടെ ആവശ്യം. ഒരു വിഭാഗം മാധ്യമങ്ങള്‍ സംഘയടനയ്‌ക്കെതിരേ കടുത്ത ആക്രമണമാണ് നടത്തുന്നത്. അതിന് മറുപടി നല്‍കാന്‍ അവര്‍ അവസരം നല്‍കുന്നില്ല. അപ്പോള്‍ പിന്നെ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുക എന്നതാണ് ഏക പോംവഴി. അതിനും ഭരണകൂടം അനുവദിക്കുന്നില്ലെന്ന് അബൂബക്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ സമ്മേളനത്തിന് കഴിഞ്ഞദിവസം വരെ അനുമതി ഉണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷം പോലിസ് അനുമതി നിഷേധിച്ചു. എന്നാല്‍, അതെല്ലാം അവഗണിച്ച് ആയിരക്കണക്കിന് ജനങ്ങള്‍ ഇവിടെ എത്തി.        ആശയത്തെ ആശയംകൊണ്ടാണ് നേരിടേണ്ടത്. എന്നാല്‍, ആര്‍എസ്എസിന് പ്രത്യേകിച്ചൊരു ഐഡിയോളജി ഇല്ലാത്തതുകൊണ്ട് അവര്‍ മസില്‍പവറും മാന്‍ പവറും ഉപയോഗിക്കുന്നു. ഇപ്പോള്‍ അധികാരവും അവരുടെ കൈയിലാണ് അദ്ദേഹം പറഞ്ഞു. ഇത് അധികകാലം നടക്കില്ല. പോപുലര്‍ ഫ്രണ്ട് വളരുകയാണ്. എല്ലാ തടസ്സങ്ങളും അതിജീവിച്ച് അത് മുന്നോട്ടു പോവുകതന്നെ ചെയ്യുമെന്ന് ചെയര്‍മാന്‍ പ്രസ്താവിച്ചു.     നാം ജനാധിപത്യ മാര്‍ഗത്തിലൂടെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനും ശാക്തീകരണത്തിനുമാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മുസ്‌ലിംകള്‍ നിയമലംഘനങ്ങള്‍ നടത്തുകയും അധോലോകത്തേക്ക് പിന്‍വാങ്ങുകയും വേണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. മുസ്‌ലിം സംഘടന ആണെങ്കിലും ദലിതുകളെയും ആദിവാസികളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ഒരുമിച്ചുനിര്‍ത്തി പോപുലര്‍ ഫ്രണ്ട് മുന്നോട്ടുപോവുന്നത് അവര്‍ക്കു ദഹിക്കുന്നില്ല. പോപുലര്‍ ഫ്രണ്ടിനെ നിശ്ശബ്ദമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ദൈവാനുഗ്രഹത്തോടെ അതിജീവിക്കുമെന്നും അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it