ജ. ശ്രീദേവിയെ വേറിട്ടുനിര്‍ത്തിയത് നിലപാടുകളിലെ കാര്‍ക്കശ്യം

കൊച്ചി: സ്ത്രീപക്ഷത്തു മാത്രം ഒതുങ്ങിനില്‍ക്കാതെ മുന്നിലെത്തുന്ന കേസുകളെ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നതില്‍ ജസ്റ്റിസ് ശ്രീദേവി എന്നും ശ്രദ്ധപുലര്‍ത്തിയിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ പല വിഷയങ്ങളിലും അവര്‍ സ്വീകരിച്ച നിലപാടുകള്‍ അനുമോദനങ്ങള്‍ക്കൊപ്പം വലിയ വിവാദത്തിനും തിരികൊളുത്തിയിരുന്നു.
സ്ത്രീപക്ഷവാദികള്‍ക്കു യോജിക്കാനാവാത്ത നിലപാടുകളാണ് അവര്‍ പല വേദികളിലും പറഞ്ഞിരുന്നത്. വസ്ത്രധാരണം സംബന്ധിച്ചും കൗമാരക്കാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചുമൊക്കെ വ്യക്തമായ അഭിപ്രായങ്ങള്‍ അവര്‍ വച്ചുപുലര്‍ത്തി.
സ്ത്രീകള്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ജസ്റ്റിസ് ശ്രീദേവി ഒരു വനിതാസമ്മേളനത്തില്‍ പറഞ്ഞത് വലിയ ചര്‍ച്ചയ്ക്കു വഴിതെളിച്ചു. അഭയ കേസ് നീണ്ടുപോവാന്‍ കാരണം കത്തോലിക്കാസഭയുടെ ഇടപെടല്‍ മൂലമാണെന്ന് ഒരിക്കല്‍ തുറന്നടിച്ചിരുന്നു. കന്യാസ്ത്രീപദം സ്വീകരിക്കുന്നതിന് സ്ത്രീകള്‍ക്കു പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന പരാമര്‍ശം ഏറെ കോളിളക്കം സൃഷ്ടിച്ചു.
ക്രിസ്ത്യന്‍ സഭകള്‍ വനിതാ കമ്മീഷന്റെ ഈ നിലപാടിനെതിരേ രംഗത്തുവന്നിട്ടും തന്റെ തീരുമാനത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് ശ്രീദേവി ചെയ്തത്. വിവാഹിതരാവുന്നവര്‍ എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാവണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരണമെന്ന വനിതാ കമ്മീഷന്റെ ആവശ്യം ദേശീയശ്രദ്ധ ആകര്‍ഷിച്ചു.
അതേസമയം, ആര്‍ഭാടരഹിത വിവാഹം, സ്ത്രീധനവിരുദ്ധ സമൂഹം സന്ദേശമുയര്‍ത്തി വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ കാംപയിനുകള്‍ക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it