Flash News

ജ. ലോയയുടെ ദുരൂഹ മരണം ഗൗരവമേറിയത്: സുപ്രിംകോടതി


ന്യൂഡല്‍ഹി:  ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണം ഗൗരവമേറിയതാണെന്ന് സുപ്രിംകോടതി. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിച്ച സുപ്രിംകോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞു.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ വിഷയത്തില്‍ എതിര്‍കക്ഷിയുടെ അഭാവത്തില്‍ വാദം കേള്‍ക്കുന്നതിന് പകരം ബഹു കക്ഷി വാദമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ ജനുവരി 15ഓടെ മഹാരാഷ്ട്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും എല്ലാ രേഖകളും ഹാജരാക്കണമെന്നും  ബെഞ്ച് ആവശ്യപ്പെട്ടു.
സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി അരുണ്‍ മിശ്രയുടെ ബെഞ്ചിന് ഇന്നലെ ഈ കേസ് നിര്‍ണയിച്ച് കൊടുത്തതാണ് ഇന്ത്യന്‍ ജുഡീഷ്യറിയിലെ നാടകീയ രംഗങ്ങള്‍ക്ക് കാരണമായത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസുമായി ബന്ധപ്പെട്ട ഹരജി  സുപ്രിംകോടതിയിലെ ജൂനിയര്‍ ജഡ്്ജിയും വിവിധ ആക്ഷേപങ്ങള്‍ നേരിടുന്നയാളുമായ അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത് ബാഹ്യ ഇടപെടല്‍ മൂലമാണെന്നാണ് കൊളീജിയത്തിലെ അംഗങ്ങളും സുപ്രിംകോടതിയിലെ മുതിര്‍ന്ന അംഗങ്ങളുമായ നാലു ജഡ്ജിമാര്‍ ഇന്നലെ സൂചന നല്‍കിയത്.
അമിത് ഷാ പ്രതിയായ കേസില്‍ അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് ജ. ലോയ ഉത്തരവിട്ടിരുന്നു ഇതിന് പിന്നാലെയാണ് ആര്‍എസ്എസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള തന്റെ ഹരജി പിന്‍വലിപ്പിക്കാന്‍ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ നിരന്തരം ശ്രമിച്ചുവെന്നും ഇന്നലെ ഹരജി പരിഗണിക്കുന്നതിനു തൊട്ടുമുമ്പു വരെ അദ്ദേഹം സ്വാധീനിച്ചിരുന്നുവെന്നും ഹരജിക്കാരനായ തെഹ്‌സീന്‍ പൂനവാല പറഞ്ഞു.
പൂനവാലയ്ക്കു പുറമെ, ബോംബൈ അഭിഭാഷക അസോസിയേഷന്‍, മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബി ആര്‍ ലോണ്‍ എന്നിവരും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it