Flash News

ജ.ജോസഫിന്റെ നിയമന ശുപാര്‍ശ പുനപ്പരിശോധിക്കണമെന്ന് കേന്ദ്രം; ശുപാര്‍ശ മടക്കി

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയയച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അനുമതിയോടെയാണ് ഫയല്‍ മടക്കി അയക്കുന്നതെന്നാണ് കേന്ദ്ര നിയമമന്ത്രാലയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സുപ്രിംകോടതിയില്‍ കേരളത്തിന് പ്രാതിനിധ്യം കൂടുമെന്നാണ് പ്രധാന കാരണമായി കേന്ദ്രസര്‍ക്കാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ജസ്റ്റിസ് കെ എം ജോസഫിനൊപ്പം സുപ്രിംകോടതി ജഡ്ജിയായി കൊളീജിയം ശുപാര്‍ശ ചെയ്ത മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിച്ചതായും ജസ്റ്റിസ് ജോസഫിന്റെ ശുപാര്‍ശ പുനപ്പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള സീനിയോറിറ്റിയില്‍ ജസ്റ്റിസ് കെ എം ജോസഫ് 42ാം സ്ഥാനത്തും ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയില്‍ 11ാം സ്ഥാനത്തുമാണെന്ന് നിയമമന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. അതേസമയം, സീനിയോറിറ്റിയില്‍ പിന്നിലാണെങ്കിലും ഇന്ന് പദവിയിലിരിക്കുന്ന ചീഫ് ജസ്റ്റിസുമാരിലും ജഡ്ജിമാരിലും ഏറ്റവും മികച്ച ജഡ്ജിയാണ് ജസ്റ്റിസ് കെ എം ജോസഫ് എന്ന വിലയിരുത്തലോടെയാണ് ജനുവരിയില്‍ അഞ്ചംഗ കൊളീജിയം ഐകകണ്‌ഠ്യേന അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്തത്.
എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടി അധികാരദുര്‍വിനിയോഗത്തിന്റെ പരിധിയില്‍ വരുമെന്നും ഇക്കാര്യം പരിശോധിക്കാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്നും കൊളീജിയത്തിലെ അംഗം കൂടിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് അടുത്തിടെ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അഖിലേന്ത്യാ സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് കെ എം ജോസഫ് 42ാം സ്ഥാനത്താണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റി എടുത്താലും അദ്ദേഹം 11ാം സ്ഥാനത്താണ്.
കെ എം ജോസഫിന്റെ മാതൃ ഹൈക്കോടതി കേരള ഹൈക്കോടതിയാണ്. അദ്ദേഹത്തെ നിയമിച്ചാല്‍ താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിന് രണ്ടുപേരുണ്ടാവും. കേരള ഹൈക്കോടതിക്ക് സുപ്രിംകോടതിയില്‍ ആവശ്യത്തിന് പ്രാതിനിധ്യമുണ്ട്. വിവിധ ഹൈക്കോടതികളിലും കേരളത്തിന്റെ പ്രാതിനിധ്യം കൂടുതലാണ്.
കെ എം ജോസഫിന് പുറമെ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ഛത്തീസ്ഗഡ് ഹൈക്കോടതിയുടെയും ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസുമാരാണ്. ഇവരുടെ മാതൃ ഹൈക്കോടതിയും കേരളമാണ്. കല്‍ക്കത്ത, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ ഹൈക്കോടതികള്‍ക്ക് നിലവില്‍ സുപ്രിംകോടതിയില്‍ പ്രാതിനിധ്യമില്ല. സുപ്രിംകോടതിയില്‍ കഴിഞ്ഞ കുറേക്കാലമായി പട്ടികജാതി, പട്ടികവര്‍ഗ പ്രാതിനിധ്യമില്ലെന്നുമാണ് ജോസഫിനെ തള്ളാനായി കേന്ദ്രം ഉന്നയിക്കുന്ന ന്യായങ്ങള്‍.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ മടക്കിയ ശുപാര്‍ശ കൊളീജിയത്തിന് വീണ്ടും കേന്ദ്രത്തിനു തന്നെ തിരിച്ചയക്കാവുന്നതാണ്. എന്നാല്‍, ശുപാര്‍ശ അഞ്ചംഗ കൊളീജിയത്തിന്റെ ഏകകണ്ഠമായ തീരുമാനമായിരിക്കണം. വീണ്ടും അയച്ചാല്‍ കേന്ദ്രത്തിന് മടക്കി അയക്കാനാവില്ല.
Next Story

RELATED STORIES

Share it