Flash News

ജ.കര്‍ണന്‍ വൈദ്യപരിശോധനക്ക് ഹാജരാവണം : സുപ്രിംകോടതി


ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. സുപ്രിംകോടതിയില്‍ ഹാജരാവണമെന്ന നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്ക് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. കൊല്‍ക്കത്ത ആശുപത്രിയിലെ മാനസികാരോഗ്യ ഡോക്ടര്‍മാരുടെ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കര്‍ണനെ പരിശോധിക്കണമെന്നും പരിശോധനാ റിപോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നുമാണ് കോടതി ഉത്തരവ്. നാളെ നടക്കുന്ന പരിശോധനയ്ക്ക് ഡോക്ടര്‍മാരുടെ സംഘത്തെ സഹായിക്കാന്‍ സുരക്ഷാ സംഘത്തെ നിയോഗിക്കാന്‍ പശ്ചിമബംഗാള്‍ ഡിജിപിക്കും കോടതി നിര്‍ദേശം നല്‍കി. മെയ് എട്ടിനു മുമ്പ് പരിശോധനാ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജസ്റ്റിസ് കര്‍ണന്റെ എല്ലാ അധികാരങ്ങളും എടുത്തു കളഞ്ഞ സുപ്രിംകോടതി കര്‍ണന്റെ ഉത്തരവുകളും നിര്‍ദേശങ്ങളും രാജ്യത്തെ ഒരു കമ്മീഷനും കോടതിയും അനുസരിക്കേണ്ടതില്ലെന്നും പറഞ്ഞു. കര്‍ണനെതിരായ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇത് സുപ്രിംകോടതിയുടെ മുഖം നഷ്ടപ്പെടുന്ന കേസാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം വരാന്‍ കര്‍ണനെതിരായ നടപടികള്‍ തുടരേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയിലെ ഏഴ് ജഡ്ജിമാര്‍ക്കെതിരേ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചു. താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹാജരാവാത്തതിനാലാണ് വാറന്‍ഡ് പുറപ്പെടുവിച്ചതെന്നും ഉത്തരവിലുണ്ട്. പൊതു സമൂഹത്തെ അഴിമതിയില്‍ നിന്നും അശാന്തിയില്‍ നിന്നും സംരക്ഷിക്കാനും ദേശ താല്‍പര്യാര്‍ഥവുമാണ് ജഡ്ജിമാര്‍ക്കെതിരേ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചതെന്നു ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു. വൈദ്യ പരിശോധന നടത്തണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരേയും ജസ്റ്റിസ് കര്‍ണന്‍ രംഗത്തെത്തി. താന്‍ യാതൊരുവിധ പരിശോധനയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ വൈദ്യപരിശോധനയ്ക്ക് വിധിക്കാന്‍ സുപ്രിംകോടതിക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് മനോ രോഗമാണെന്നാണോ പറയുന്നത്? തനിക്ക് രോഗമുണ്ടെന്ന് വിധിയെഴുതാന്‍ സുപ്രിംകോടതി ആരാണ്? തന്റെ സമ്മതമില്ലാതെ സുപ്രിംകോടതി ഉത്തവ് നടപ്പാക്കാന്‍ ഡിജിപി ശ്രമിച്ചാല്‍ അദ്ദേഹത്തിനെതിരേ നടപടിക്ക് ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്‍  കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ ഉള്‍പ്പെടെ ഏഴു ജഡ്ജിമാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിയോട് കഴിഞ്ഞ ദിവസം ജ. കര്‍ണന്‍ നിര്‍ദേശിച്ചിരുന്നു. തന്റെ വീട് കോടതിയായി പ്രഖ്യാപിച്ചായിരുന്നു ഉത്തരവ്.

Next Story

RELATED STORIES

Share it