kannur local

ജ്വല്ലറി കവര്‍ച്ച: കുറ്റമറ്റ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങി

പഴയങ്ങാടി: പട്ടാപ്പകല്‍ നാടിനെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ചയിലെ പ്രതികളെ 16 ദിവസത്തിനു ശേഷം പോലിസ് വലയിലാക്കിയത് കുറ്റമറ്റ അന്വേഷണത്തിലൂടെ. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമാണ് രണ്ടുദിവസം മുമ്പ് ഇവരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തതും ഇന്നലെ വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തിയതും. സൈബര്‍ സെല്ലിന്റെ സഹായവും തുണയായി. പഴയങ്ങാടിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ മൊട്ടാമ്പ്രം സ്വദേശി ചോട്ട റഫീഖ് എന്ന എ പി റഫീഖ് (41) ആണ് മുഖ്യപ്രതിയും സൂത്രധാരനും. പുതിയങ്ങാടി പോസ്റ്റ് ഓഫിസിന് സമീപത്തെ കെ വി എന്‍ ഡക്കറേഷന്‍ ഉടമ കെ വി നൗഷാദ് (36) കവര്‍ച്ചയില്‍ ഇയാളുടെ സഹായി ആണ്്.
അല്‍ ഫത്തീബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്ന പിറ്റേദിവസം തന്നെ ഇവര്‍ മോഷണമുതല്‍ വീതംവച്ചിരുന്നു. ഇതിനുശേഷം റഫീഖ് താമസിച്ചിരുന്ന പുതിയവളപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ സ്വര്‍ണം സൂക്ഷിച്ചപ്പോള്‍, നൗഷാദ് മാട്ടൂലിലെ ഭാര്യവീടിനടുത്ത ഓവുചാലിനു സമീപം കുഴിച്ചിട്ടു. തുടര്‍ന്ന് ഇവര്‍ പോലിസ് അന്വേഷണം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ചില നിര്‍ണായക സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ റഫീഖിനെയും നൗഷാദിനെയും ചോദ്യംചെയ്യാന്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.
റമദാനിലെ അവസാന വെള്ളിയാഴ്ച ജ്വല്ലറിയിലെ ജീവനക്കാര്‍ ജുമുഅ നമസ്‌കരിക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. എന്നാല്‍, ഇരുവരും അന്ന് ജുമുഅക്ക് പോയിരുന്നില്ലെന്ന് വ്യക്തമായി. മാറിമാറി ചോദ്യംചെയ്തപ്പോള്‍ കളവുകള്‍ ഒന്നൊന്നായി വെളിച്ചത്താവുകയും ചെയ്തു.
3.4 കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് ജ്വല്ലറി ഉടമ കക്കാട് സ്വദേശി എ പി ഇബ്രാഹിം നേരത്തെ പോലിസില്‍ നല്‍കിയ മൊഴി. എന്നാല്‍ പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഉരുപ്പടികള്‍ തൂക്കിനോക്കിയപ്പോള്‍ 2.880 കിലോ ആണ് കിട്ടിയത്. ഇതോടെ ജ്വല്ലറിയിലെ സ്റ്റോക്ക് പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും പോലിസ് നിര്‍ദേശം നല്‍കി. ഇതുപ്രകാരം സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്നു മനസ്സിലായി. 2.880 കിലോ ആണ് നഷ്ടപ്പെട്ടതെന്ന് ഉടമയും സ്ഥിരീകരിച്ചു.
റമദാനിലെ അവസാന വെള്ളിയാഴ്ച  ഉച്ചയ്ക്ക് ഒരുമണിക്കും രണ്ടിനും ഇടയില്‍ പൂട്ട് തകര്‍ത്താണ് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ഇതിനു മുന്നോടിയായി ഇവര്‍ ജ്വല്ലറിയിലെ സിസിടിവി കാമറകള്‍ സ്േ്രപ ഉപയോഗിച്ച് കേടുവരുത്തിയിരുന്നു. കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡിവിആറും കൊണ്ടുപോയി. ജ്വല്ലറി ഉടമയും ജീവനക്കാരും കടയടച്ച് ജുമുഅ നമസ്‌കരിക്കാന്‍ സമീപത്തെ പള്ളിയില്‍ പോയപ്പോഴാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കളെ നേരില്‍ കണ്ടതായി സംശയിക്കുന്ന ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു.
കൂടാതെ, രണ്ടുപേര്‍ മോഷണമുതലുമായി കറുത്ത സ്‌കൂട്ടറില്‍ പോവുന്ന ദൃശ്യവും പോലിസ് പുറത്തുവിട്ടു. നാലായിരത്തോളം സ്‌കൂട്ടറുകളുടെ വിവരമാണ് അന്വേഷണസംഘം ശേഖരിച്ചത്. പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചു. ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കിയത്.
Next Story

RELATED STORIES

Share it