kannur local

ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച

പഴയങ്ങാടി: തിരക്കേറിയ പഴയങ്ങാടി നഗരത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. ഷട്ടറിന്റെ ലോക്ക് തകര്‍ത്ത് അകത്തുകടന്ന സംഘം അഞ്ചുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പഴയങ്ങാടി ബസ്സ്റ്റാന്റിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഉടമയും തൊഴിലാളികളും സമീപത്തെ പള്ളിയില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കവര്‍ച്ചാ സംഘമെത്തിയത്. ഇതിന് മുമ്പേ ജ്വല്ലറിയുടെ മുന്നില്‍ കര്‍ട്ടന്‍ കെട്ടിമറച്ച് മുന്‍ഭാഗത്തെ സിസിടിവി കാമറകള്‍ സ്‌പ്രേ പെയിന്റടിച്ച് കേടാക്കിയിരുന്നു. ഡിസ്‌പ്ലേ ചെയ്ത ആഭരണങ്ങളും പണമടങ്ങിയ ബാഗും അപഹരിച്ചു. നിരീക്ഷണ കാമറ ബന്ധിപ്പിക്കുന്ന കംപ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌കുകളും കൊണ്ടുപോയി.
നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്റ്റാന്റില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നുണ്ട്. അതിനാല്‍ എല്ലാ ബസ്സുകളും ഈ ജ്വല്ലറിയുടെ മുമ്പിലാണ് പാര്‍ക്ക് ചെയ്യുന്നത്. എന്നിട്ടും വന്‍ കവര്‍ച്ച ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പള്ളിയില്‍നിന്ന് ഉടമയും തൊഴിലാളികളും തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്.
വിവരമറിഞ്ഞ് ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം, തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി. മണം പിടിച്ച പോലിസ് നായ മാടായി കോളജ് പരിസരം വരെ ഓടി. മലയാളം സംസാരിക്കുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണു പോലിസിന് ലഭിച്ച സൂചന. സമീപത്തെ കടകളിലെ സിസിടി വി കാമറകള്‍ പരിശോധിച്ചുവരികയാണ്.
Next Story

RELATED STORIES

Share it