Alappuzha local

ജ്യോതിഷവിശ്വാസം കുടുംബ ജീവിതത്തില്‍ അസ്വാരസ്യമുണ്ടാക്കുന്നുവെന്ന് യുവതി; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ പരാതിയുമായി മരുമകള്‍ വനിതാ കമ്മീഷനില്‍

ആലപ്പുഴ: ഭര്‍തൃവീട്ടുകാരുടെ ജ്യോതിഷവിശ്വാസം മൂലം കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവുന്നുവെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷന്‍ അദാലത്തില്‍. അതേസമയം നുണപ്രചാരണം നടത്തി മകനെ അകറ്റാന്‍ ശ്രമിക്കുന്നുവെന്ന് മാതാപിതാക്കള്‍. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് ജ്യോതിഷവുമായി ബന്ധപ്പെട്ട പരാതി വന്നത്.
കായംകുളം സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരേ പരാതിയുമായെത്തിയത്. ഭര്‍ത്താവിന്റെ പിതാവ് ജ്യോതിഷനായതുകൊണ്ട് വീട്ടില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മാനസികമായി ബുദ്ധിമുട്ടു സൃഷ്ടിക്കുന്നെന്നും താമസം മാറിയെങ്കിലും മാതാപിതാക്കളുടെ വാക്കുകേട്ട് ഭര്‍ത്താവ് മാനസികമായി പീഢിപ്പിക്കുന്നുവെന്നും സംരക്ഷിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ മകനെ തങ്ങളില്‍ നിന്ന് അകറ്റാന്‍ മരുമകള്‍ നുണപ്രചാരണം നടത്തുകയാണെന്നും ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മാതാപിതാക്കള്‍ കമ്മീഷനോട് പറഞ്ഞു. പരാതികേട്ട കമ്മിഷനംഗം ഡോ. ജെ പ്രമീളാ ദേവി ഇരുകൂട്ടരോടും കൗണ്‍സലങിനു ഹാജരാവാന്‍ നിര്‍ദേശിച്ചു.
അടൂരില്‍ വിവാഹം കഴിച്ചുകൊടുത്ത മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ചെറിയനാട് സ്വദേശികളായ മാതാപിതാക്കള്‍ കമ്മീഷനു പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് മകളെ അടൂര്‍ സ്വദേശിക്ക് വിവാഹം കഴിച്ചുകൊടുത്തത്. ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് കിണറ്റില്‍ വീണ് മകള്‍ മരിച്ചതില്‍ ദുരൂഹതുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ പരാതി സ്വീകരിച്ചു.
വിട്ടുവീഴ്ചയില്ലാത്ത മാനോഭാവവും പരസ്പര വിശ്വാസമില്ലായ്മയുമാണ് കുടുംബപ്രശ്‌നങ്ങള്‍ കൂടുന്നതിനു കാരണമെന്ന് ഡോ. ജെ പ്രമീളാ ദേവി പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മില്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം-കമ്മിഷനംഗം പറഞ്ഞു.
ഇന്നലെ 62 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. 39 എണ്ണം പരിഹരിച്ചു. അഞ്ചു കേസ് പോലിസ് അന്വേഷണത്തിനു വിട്ടു. ഒരെണ്ണം പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കു കൈമാറി. രണ്ട് അപേക്ഷ കൗണ്‍സലിങിനു വിട്ടു. 15 അപേക്ഷ അടുത്ത അദാലത്തിലേക്കു മാറ്റി.
Next Story

RELATED STORIES

Share it