ജോസ് കെ മാണിയെ ആശുപത്രിയിലേക്കു മാറ്റി

കോട്ടയം: റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ജോസ് കെ മാണി എംപിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സമരത്തിന്റെ ആറാം ദിവസമായിരുന്നു ഇന്നലെ. പരിശോധനയ്ക്കു ശേഷം ഉച്ചയ്ക്ക് 12.40ഓടെയാണ് എംപിയെ ആശുപത്രിയിലേക്കു മാറ്റിയത്. വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വഴങ്ങിയിരുന്നില്ല. ഇന്നലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധിച്ചെങ്കിലും പോലിസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
അതേസമയം, റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ്(എം)ന്റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന കോട്ടയം ജില്ലാ ഹര്‍ത്താല്‍ പിന്‍വലിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി അറിയിച്ചു. ജോസ് കെ മാണി നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് കെ എം മാണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഇന്‍സെന്റീവ്‌സ് പദ്ധതി അടുത്ത വര്‍ഷവും തുടരണമെന്നും അതിനായി ബജറ്റില്‍ 500 കോടി രൂപ നീക്കിവയ്ക്കണമെന്നുമുള്ള ജോസ് കെ മാണിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. പദ്ധതിയില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും കാലതാമസം ഒഴിവാക്കി ഉടന്‍ തുക അനുവദിക്കണമെന്നും അതിന് പ്രത്യേക സംവിധാനം രൂപീകരിക്കണമെന്നുള്ള നിവേദനത്തിലെ ആവശ്യവും അംഗീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നിവേദനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ അഖിലകക്ഷി സംഘത്തെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ വേണ്ടെന്നു വയ്ക്കുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രി നിരാഹാരപ്പന്തലില്‍ എത്തിയപ്പോഴാണ് ജോസ് കെ മാണി നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it